Friday, 24th January 2025
January 24, 2025

പൗരത്വഭേദഗതി ബില്‍ ഇന്ന് ഉച്ചക്ക് രാജ്യസഭയില്‍; പാസാകുമെന്നുറപ്പിച്ച് ബി.ജെ.പി

  • December 11, 2019 9:47 am

  • 0

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്കു വിപ്പുനല്‍കിയിട്ടുണ്ട്.

ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ക്കുമെന്നാണു വിവരം. മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പരോക്ഷമായി വിമര്‍ശിച്ചിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി എട്ടുവരെയാണ് രാജ്യസഭയില്‍ പൗരത്വബില്ലിന്മേല്‍ ചര്‍ച്ച നടക്കുക. നിലവില്‍ 238 അംഗങ്ങളാണ് സഭയിലുള്ളത്. ബില്‍ പാസാവാന്‍ 120 പേരുടെ പിന്തുണ വേണം. ബി.ജെ.പി.യുടെ 83 സീറ്റടക്കം എന്‍.ഡി..യ്ക്ക് നിലവില്‍ 105 അംഗങ്ങളാണുള്ളത്. ...ഡി.എം.കെ.-11, ബി.ജെ.ഡി.-7, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്-2, ടി.ഡി.പി.-2 എന്നീ കക്ഷികളില്‍നിന്നായി 22 പേരുടെ കൂടി പിന്തുണയുണ്ടെന്നാണു ബി.ജെ.പി. വൃത്തങ്ങള്‍ പറയുന്നത്. എങ്കില്‍ 127 പേരുടെ പിന്തുണയാവും.

ഇതിനിടെ ബില്ലിനെ പിന്തുണക്കുന്നതില്‍ നിന്ന് ജെഡിയുവിനെ പിന്‍മാറ്റാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നടക്കുന്നുണ്ട്. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ചതിനെതിരെ പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ആറ് അംഗങ്ങളാണ് ജെഡിയുവിന് രാജ്യസഭയിലുള്ളത്.