Friday, 24th January 2025
January 24, 2025

പൗരത്വ ബില്‍ നാളെ രാജ്യസഭയില്‍; എതിർപ്പുമായി മമത, ജെ.ഡി.യുവിൽ ഭിന്നത

  • December 10, 2019 9:49 am

  • 0

ന്യൂഡൽഹി ∙ പൗരത്വ ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ലിനെ പിന്തുണച്ചതിനെച്ചൊല്ലി ജെഡിയുവില്‍ ഭിന്നതയുടലെടുത്തു. പൗരത്വ ബില്ലും പൗരത്വ റജിസ്റ്ററും തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള കാലത്തോളം നടപ്പാക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഷം പുകയുകയാണ്. വിവിധ സംഘടനകള്‍ ഇന്നു ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അസമില്‍ പല ഭാഗത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോക്സഭയില്‍ വന്‍ ഭൂരിപക്ഷത്തിന് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയെടുക്കാന്‍ കഴിഞ്ഞെങ്കിലും രാജ്യസഭയില്‍ സര്‍ക്കാരിനു കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ബിജെപിയുടെ 81ഉം ജെഡിയുവിന്‍റെ 6ഉം അകാലിദളിന്‍റെ ഉം മറ്റു ചെറുപാര്‍ട്ടികളുടെയും അംഗങ്ങള്‍ ചേരുമ്പോള്‍ എന്‍ഡിഎയ്ക്ക് 102 പേരുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയ്ക്ക് 63 എംപിമാര്‍. തൃണമൂല്‍ കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും ഉള്‍പ്പെടെ ഇരുമുന്നണികളിലുമില്ലാത്ത 39 അംഗങ്ങള്‍. എന്നാല്‍ ഇവര്‍ ബില്ലിനെ എതിര്‍ക്കുന്നവരാണ്.

ബിജെഡി, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ശിവസേന എന്നിവര്‍ സര്‍ക്കാരിനു പ്രതീക്ഷനല്‍കുന്നു. ഒപ്പം ബില്ലിനെക്കുറിച്ച് അതൃപ്തികളുണ്ടെങ്കിലും അണ്ണാഡിഎംകെയും ടിആര്‍എസും സര്‍ക്കാരിനെ സഹായിക്കുന്ന തന്ത്രപരമായ നിലപാട് സ്വീകരിക്കും. ഇന്നും നാളെയും നിര്‍ബന്ധമായും സഭയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്.

പൗരത്വ ബില്ലിനെ ജെഡിയു പിന്തുണച്ചതില്‍ പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ അതൃപ്തി വ്യക്തമാക്കി. വടക്കുകഴിക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. വിവിധ വിദ്യാര്‍ഥി സംഘടനകളുടെ ഏകോപന സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വിനോദ സഞ്ചാരത്തെ ഏറെ പ്രതികൂലമായി ബാധിച്ചു. പൗരത്വ ഭേദഗതി ബില്ലില്‍ പാക്കിസ്ഥാനും എതിര്‍പ്പ് വ്യക്തമാക്കി.