പുരുഷന്മാരെ വീട്ടിലെത്തിച്ചു, അമ്മയുടെ ഒത്താശയോടെ 12കാരിയെ ബലാത്സംഗം ചെയ്തു, പരാതി നല്‍കി അച്ഛന്‍!
December 9, 2019 6:50 pm
0
അഹമ്മദാബാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പീഡനവാര്‍ത്തകള്‍ പെരുകുകയാണ്. തെലങ്കാനയിലേയും ത്രിപുരയിലേയും ഉന്നാവോയിലേയും അടക്കം ക്രൂരതകളുടെ ഞെട്ടല്‍ മാറും മുന്‍പാണ് നടുക്കുന്ന വാര്‍ത്ത ഗുജറാത്തില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്. പന്ത്രണ്ടുകാരിയായ മകളെ സ്വന്തം അമ്മയുടെ ഒത്താശയോടെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തോളമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നുണ്ട്. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ ഭൂട്ടിയ ഗ്രാമത്തിലാണ് സംഭവം.
അച്ഛനെ ഭക്ഷണത്തില്‍ മയക്കാനുളള മരുന്ന് നല്‍കി മയക്കി കിടത്തിയ ശേഷമാണ് തന്നെ ഉപദ്രവിച്ചിരുന്നത് എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പോലീസ് പറയുന്നു. തന്റെ ഭാര്യയാണ് മൂന്ന് പുരുഷന്മാരെ വീട്ടിലെത്തിച്ച് മകളെ ബലാത്സംഗം ചെയ്യാനുളള ഒത്താശ ചെയ്തത് എന്നാണ് പിതാവിന്റെ പരാതിയില്‍ പറയുന്നത്.
പെണ്‍കുട്ടിയുടെ അമ്മ ഒളിവിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. അതിനിടെ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചന്ദ്രേഷ് സര്‍തന്‍പര, ബാബുഭായി സര്‍തന്‍പര, ശാന്തി ദന്തുകിയ എന്നിവരെയാണ് പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.