Friday, 24th January 2025
January 24, 2025

ഒരു വര്‍ഷത്തിനിടയില്‍ 86 ബലാല്‍സംഗങ്ങള്‍: ഉന്നാവോ രാജ്യത്തിന്റെ ബലാല്‍സംഗ തലസ്ഥാനമോ?

  • December 7, 2019 3:50 pm

  • 0

ലക്നോഒരു വര്‍ഷത്തിനിടയില്‍ മാത്രം ഉന്നാവോയില്‍ നടന്നത് 86 ബലാല്‍സംഗങ്ങള്‍. ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 185 ലൈംഗികാക്രമണങ്ങള്‍ ഈ ജില്ലയില്‍ നടന്നു. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്നോവില്‍ നിന്ന് 63 കിലോമീറ്റര്‍ മാത്രം അകലെയാണ് ഉന്നാവോ. 31 ലക്ഷം പേരാണ് ഈ ജില്ലയില്‍ താമസിക്കുന്നത്.

ഇക്കൂട്ടത്തില്‍ രാജ്യത്ത് ചര്‍ച്ചയായ അതിക്രൂരമായ ബലാല്‍സംഗങ്ങള്‍ പലതുമുണ്ട്. ഇവയില്‍ ഏറ്റവുമൊടുവില്‍ ഉണ്ടായതാണ് വ്യാഴാഴ്ചത്തേത്. ബലാല്‍സംഗം ചെയ്തതിനു ശേഷം ഇരയെ തീക്കൊളുത്തിക്കൊന്ന സംഭവം. മിക്ക കേസുകളിലും പ്രതികള്‍ പിടിയിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഇവരെല്ലാം ഇപ്പോള്‍ ഒളിവിലാണെന്നാണ് പോലിസ് ഭാഷ്യംനീതിനിര്‍വഹണ സംവിധാനങ്ങളൊന്നും ശരിയായി പ്രവര്‍ത്തിക്കാത്തതാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്നാണ് ജനങ്ങള്‍ പറയുന്നത്.

ഉന്നാവോയിലെ പോലിസ് സംവിധാനം പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഉന്നാവോയിലെ ജനങ്ങള്‍ പരാതിപ്പെടുന്നത്. ഇക്കാരണത്താല്‍ തന്നെ ക്രിമിനലുകള്‍ക്ക് രക്ഷപ്പെടാന്‍ എളുപ്പമാണ്. രാഷ്ട്രീയക്കാര്‍ പറയാതെ പൊലീസ് ഒന്നും ചെയ്യാത്ത നിലയാണുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉത്തര്‍പ്രദേശിലെ ചില ഉന്നത രാഷ്ട്രീയക്കാര്‍ ഉന്നാവോയില്‍ നിന്നുള്ളവരാണ്. യുപി നിയമസഭാ സ്പീക്കര്‍ ഹൃദ്യ നരേന്‍ ദീക്ഷിത്, യുപി നിയമ മന്ത്രി ബ്രിജേഷ് പഥക്, ബിജെപി എംപി സാക്ഷി മഹാരാജ് എന്നിവര്‍ ഇതില്‍ പെടും. രാഷ്ട്രീയക്കാര്‍ അവരുടെ രാഷ്ട്രീയ ലാഭത്തിനായി കുറ്റകൃത്യങ്ങള്‍ ഉപയോഗിക്കുന്നു. ബിജെപി എം‌എല്‍‌എ കുല്‍ദീപ് സെംഗാര്‍ ഉള്‍പ്പെട്ട ഉന്നാവോ ബലാത്സംഗ കേസ് ഇതിന്റെ ഉത്തമ ഉദാഹരണമാണെന്ന് പ്രാദേശിക അഭിഭാഷകന്‍ പറഞ്ഞു.