Friday, 24th January 2025
January 24, 2025

മകന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്തു; സമുദായത്തിലെ വിലക്കൊഴിവാക്കാന്‍ 50കാരിയായ മാതാവിനെ കൂട്ടബലാത്സംഗം ചെയ്ത് വയോധികര്‍

  • December 6, 2019 8:50 pm

  • 0

ഗാന്ധിനഗര്‍: മകന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് സമുദായത്തിലെ വിലക്കൊഴിവാക്കാന്‍ 50കാരിയായ മാതാവിനെ കൂട്ടബലാത്സംഗം ചെയ്ത് വയോധികര്‍. ഗുജറാത്തില്‍ ഒരു മാസം മുമ്ബ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.

മകന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്തതിനാല്‍ കുടുംബത്തിന് സമുദായ വിലക്കുണ്ടെന്നും അതൊഴിവാക്കാന്‍ തങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നും ആവശ്യപ്പെട്ട് സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ യുവാവിന്റെ അമ്മയെ സമീപിക്കുകയായിരുന്നു.

വിലക്കൊഴിവാക്കി വീണ്ടും സമുദായത്തിലേക്ക് തിരിച്ചെടുക്കാമെന്നുള്ള മോഹനവാഗ്ദാനവും ഇവര്‍ നല്‍കി. തുടര്‍ന്ന് ഗുജറാത്തിലെ താരാ ടൗണില്‍ വച്ച്‌ ഒരു മാസം മുന്‍പ് രണ്ട് വയോധികര്‍ 50കാരിയായ മാതാവിനെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുസംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ:

ആ സ്ത്രീയുടെ മകന്‍ അന്യജാതിയില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതുകൊണ്ട് ആ കുടുംബത്തിന് ഊരു വിലക്ക് കല്‍പ്പിച്ചിരുന്നു. വിലക്ക് മാറ്റി വീണ്ടും സമുദായത്തില്‍ ചേര്‍ക്കാമെന്ന് ഉറപ്പു നല്‍കിയാണ് 65 വയസ്സിനു മേല്‍ പ്രായമുള്ള വയോധികര്‍ ചേര്‍ന്ന് സ്ത്രീയെ ലൈംഗികമായി ഉപയോഗിച്ചത്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇരയായ സ്ത്രീയുടെ അതേ സമുദായത്തില്‍പ്പെട്ടവരാണ് പ്രതികളെന്നുംപൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം ബി ദേവ്ഡ പറയുന്നു.

വയോധികര്‍ ചേര്‍ന്ന് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ് ഹാജരാക്കിയാണ് പ്രതികള്‍ക്കെതിരെ സ്ത്രീ ആരോപണം ഉന്നയിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ധര്‍ണാല്‍ ഗ്രാമത്തിലെ രഞ്‌ജോത് ഭായി, വജ്യോല്‍ ബായി സുതര്‍ എന്നിവരാണ് പ്രതികളെന്നും പൊലീസ് പറയുന്നു.

കൂട്ട ബലാത്സംഗം, ബ്ലാക്ക് മെയ്ലിങ് എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നതെന്നും, അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതികള്‍ എത്രയും പെട്ടെന്ന് പിടിയിലാകുമെന്നും പൊലീസ് പറയുന്നു.