നീതി ലഭിച്ചു: പ്രതികളെ വെടിവച്ചുകൊന്നതില്‍ പ്രതികരിച്ച് ഡോക്ടറുടെ കുടുംബം
December 6, 2019 9:51 am
0
ഹൈദരാബാദ്: ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചുകൊന്നതില്‍ പ്രതികരണവുമായി ഇരയുടെ കുടുംബം. സംഭവത്തെ കുറിച്ച് രാവിലെ അറിഞ്ഞപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്നും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കുടുംബം ദി ക്വിന്റ് ഓണ്‍ലൈനോടു പറഞ്ഞു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമതുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കേസിലെ മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് വ്യാഴാഴ്ച രാത്രി ദേശീയപാത 44-ല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികള്‍ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് നല്കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കഴിഞ്ഞ മാസം 28-നാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകിട്ടു ജോലികഴിഞ്ഞു മടങ്ങുന്പോഴാണു സംഭവം. ഷംഷാബാദിലെ ടോള്‍ പ്ലാസയില്‍നിന്ന് 100 മീറ്റര്‍ അകലെ വൈകിട്ട് ആറോടെ സ്കൂട്ടര്‍ നിര്‍ത്തിയ ഇവര്‍ ഗച്ചിബൗളിയിലേക്കു പോയി. ഈ സമയം പ്രതികള്‍ സമീപത്തുണ്ടായിരുന്നു. നാലു പേരും ഇവിടെയിരുന്നു മദ്യപിക്കുകയായിരുന്നു. യുവതിയെ കണ്ടതോടെ മാനഭംഗപ്പെടുത്താന്‍ ഇവര്‍ പദ്ധതിയിട്ടു.
പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്കൂട്ടറിന്റെ ടയറുകള്‍ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോള്‍ സഹായം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ജോളു ശിവ സ്കൂട്ടര്‍ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ, സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ചു. തന്റെ സ്കൂട്ടര്‍ പഞ്ചറായെന്നും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്നും അറിയിച്ചു. സ്ഥലത്തുനിന്നു വേഗം പോരാന്‍ നിര്‍ദേശിച്ച സഹോദരി പിന്നീടു തിരികെ ഫോണ്‍ വിളിച്ചപ്പോള്‍ ഓഫായിരുന്നു.
ഫോണ്‍ വിളിച്ചതിനു പിന്നാലെ മറ്റുമൂന്നുപേരും ചേര്‍ന്നു യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സ്കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ ഉപദ്രവിച്ചു. പിന്നീടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനില്‍ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് സംഭവ സ്ഥലത്തുനിന്ന് 20 കിലോമീറ്റര്‍ അകലെ മൃതദേഹം എത്തിച്ചു കത്തിച്ചു. രണ്ടു പേര് ലോറിയിലും മറ്റുള്ളവര്‍ ഡോക്ടറുടെ സ്കൂട്ടറിലുമാണുപോയത്. പെട്രോളും ഡീസലും ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത്.
സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. സമൂഹമാധ്യമങ്ങളിലും പ്രതിഷേധ സന്ദേശങ്ങള്‍ നിറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റിലായ പ്രതികള്‍ പിന്നീട് പോലീസ് കസ്റ്റഡിയിലായിരുന്നു.