അവസരം മുതലാക്കി കച്ചവടം, ഹെല്‍മറ്റിന് കൂട്ടിയത് 200 രൂപ വരെ
December 3, 2019 9:53 am
0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ അവസരം മുതലാക്കാന്‍ ഹെല്‍മറ്റിന് വിലകൂട്ടി കച്ചവടക്കാര്‍. മൂന്ന് ദിവസത്തിനുള്ളില്‍ 100 മുതല്‍ 200 വരെയാണ് വിലവര്‍ധന. അതേസമയം, ഹെല്‍മറ്റ് നിര്‍മാണ കമ്ബനികളൊന്നും വില കൂട്ടിയിട്ടുമില്ല. ഫരീദാബാദ്, ബെല്‍ഗാവ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ബ്രാന്‍ഡ് മൂല്യമുള്ള ഹെല്‍മറ്റുകള്‍ കേരളത്തിേലക്കെത്തുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്ന് മാസം മുമ്ബുതന്നെ പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നതിനാല്‍ നേരത്തേതന്നെ കമ്ബനികള്‍ ഉല്പാദനം വര്‍ധിപ്പിച്ചിരുന്നു. ഇൗ ഘട്ടങ്ങളിലൊന്നും കമ്ബനികള്‍ വില കൂട്ടിയിരുന്നില്ല.
ഹെല്‍മറ്റ് നിര്‍മാതാക്കള്‍ വില വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ അധികമായി വാങ്ങുന്ന തുക കച്ചവടക്കാരുടെ പോക്കറ്റിലേക്കാണ് പോകുന്നത്. 799 രൂപ മുതല്‍ 27,000 രൂപ വരെ വിലയുള്ള ഹെല്‍മറ്റുകള്‍ വിപണിയിലുണ്ട്.
എന്നാല്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കടക്കം ഹെല്‍മറ്റ് കര്‍ശനമാക്കിയത് കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഗുണന്മേയില്ലാത്ത ഹെല്‍മറ്റുകള്‍ വഴിയോരങ്ങളിലടക്കം വില്പനക്ക് എത്തുന്നു. തമിഴ്നാട്ടില്‍ കുടില്‍ വ്യവസായമായി നിര്‍മിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്.
ഗ്രാഫിക്സ്, കാര്‍ട്ടൂണ്‍ ഹെല്‍മറ്റുകള്‍ പലവിധം
വിവിധ പ്രായത്തിലുള്ളവര്‍ക്കായി വ്യത്യസ്തതകളുമായാണ് ഹെല്‍മറ്റുകള്‍ വിപണിയിലുള്ളത്. പിന്സീറ്റിലായതില് ഫാഷന്‍ സങ്കല്പ്പത്തിലേക്ക് വരെ നീളുകയാണ് രൂപകല്‍പ്പന. സാധാരണ കറുപ്പ്, വെളുപ്പ് എന്നീ അടിസ്ഥാന നിറങ്ങളിലാണ് ഹെല്‍മറ്റുകള്‍ അധികവും. ഇതിന് പുറമേ യുവാക്കളെ ആകര്‍ഷിക്കുന്നതിന് പിങ്ക്, മിന്റ്, പര്‍പ്പിള്‍, മഞ്ഞ, ചുവപ്പ് തുടങ്ങിയ നിറങ്ങളിലും ഹെല്‍മറ്റുകള്‍ ധാരാളമായി എത്തുന്നുണ്ട്. 4000-5000 രൂപ വിലയുള്ള ഗ്രാഫിക്സ് പതിപ്പിച്ചവയാണ് യുവാക്കള്‍ അധികവും തെരഞ്ഞെടുക്കുന്നത്. 1000-1500 രൂപ വിലവരുന്ന ഹെല്മറ്റുകേളാടാണ് മുതിര്‍ന്നവര്‍ക്ക് പ്രിയം.
നാല് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമായതിനാല്‍ ഇവരെ ആകര്‍ഷിക്കുന്നതിന് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിച്ച കുട്ടിഹെല്മറ്റുകളും എത്തിത്തുടങ്ങിയിട്ടുണ്ട്. സ്കൂള്‍ ബാഗുകളില്‍ കണ്ടിരുന്ന ചോട്ടാബീം, സ്പൈഡര്മാന്, ബെന്ടെന്, ഡോറ എന്നീ കഥാപാത്രങ്ങളെല്ലാം ഹെല്‍മറ്റുകളിലേക്ക് കുടിയേറി. വലിയ ആവശ്യകതയാണ് കുട്ടിഹെല്മറ്റുകള്ക്കുള്ളത്. എന്നാല്‍, വിപണിയില്‍ ആവശ്യാനുസരണം ഇവ ലഭ്യമാവാത്ത സാഹചര്യമാണ്.