പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ പീഡനശ്രമം; എസ്ഐ കീഴടങ്ങി
December 2, 2019 7:50 pm
0
തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എസ്ഐ കീഴടങ്ങി. ബോംബ് ഡിറ്റക്ഷന്‍ സ്ക്വാഡ് എസ്ഐയും പോത്തന്‍കോട് സ്വദേശിയുമായ സജീവ് കുമാറാണു തിരുവനന്തപുരം പോക്സോ കോടതിയില്‍ കീഴടങ്ങിയത്.
റസിഡന്റ്സ് അസോസിയേഷന് പരിപാടി അറിയിക്കാനെത്തിയ സ്കൂള്‍ വിദ്യാര്‍ഥിനിയെ പോലീസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്ഐക്കെതിരെ പേരൂര്‍ക്കട പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സജീവ് ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി എസ്ഐ താമസിക്കുന്ന പേരൂര്‍ക്കട എസ്എപി ബറ്റാലിയന് ക്വാര്‍ട്ടേഴ്സില്‍ എത്തുന്പോള്‍ സജീവ് കുമാര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. വീട്ടില്‍ കയറിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
അടുത്ത ദിവസം സ്കൂളിലെത്തിയ പെണ്‍കുട്ടി അധ്യാപികയോട് വിവരം പറഞ്ഞു. അധ്യാപിക ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സജീവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.