ചരിത്ര നിമിഷം; ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി ശിവാംഗി
December 2, 2019 3:08 pm
0
ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലെ അഭിമാന മുഹൂര്‍ത്തമായിരുന്നു അത്, ശിവാംഗിക്ക് പത്തുവയസ്സില്‍ മനസ്സിലുറച്ച സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരവും. തിങ്കളാഴ്ച കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സബ് ലെഫ്‌നന്റ് ശിവാംഗി ഇന്ത്യന്‍ നാവികസേനയുടെ പ്രഥമവനിതാ പൈലറ്റായി ഔദ്യോഗികമായി ചുമതലയേറ്റു.
‘എനിക്കും മാതാപിതാക്കള്‍ക്കും ഏറെ അഭിമാനം നിറഞ്ഞ നിമിഷമാണ് ഇത്.സന്തോഷം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ തികയുന്നില്ല.ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന ഒരു സ്വപ്‌നമാണ്.അവസാനം എന്റെ നെഞ്ചില്‍ ഇത് ഇരിക്കുന്നു.’ പൈലറ്റ് ബാഡ്ജില്‍ കൈവച്ച് ശിവാംഗി പറഞ്ഞു. ഔദ്യോഗികമായി സേനയുടെ ഭാഗമായതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ശിവാംഗി.
ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശിവാംഗിക്ക് പരിശീലനത്തിന്റെ മൂന്നാംഘട്ടമായ ഡോര്‍ണിയര്‍ ഓപ്പറേഷണല്‍ കണ്‍വേര്‍ഷണ്‍ കോഴ്‌സ് കൂടി പൂര്‍ത്തിയാക്കാനുണ്ട്.
കുട്ടിക്കാലത്ത് ഒരു മന്ത്രി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്നത് കണ്ടത് മുതലാണ് പൈലറ്റ് എന്ന മോഹം ശിവാംഗിയുടെ മനസ്സില്‍ നാമ്ബിടുന്നത്. മുത്തച്ഛന്റെ വീട്ടില്‍ അവധി ആഘോഷിക്കാന്‍ പോയതായിരുന്നു ശിവാംഗി. മന്ത്രിയെ കാണാന്‍ മുത്തശ്ശനൊപ്പം ശിവാംഗിയും പോയി. എല്ലാവരുടെയും ശ്രദ്ധ മന്ത്രിയിലായിരുന്നെങ്കില്‍ ശിവാംഗി ശ്രദ്ധിച്ചത് ഹെലികോപ്റ്റര്‍ പൈലറ്റിലായിരുന്നു. ‘ ഹെലികോപ്റ്റര്‍ പറത്തുന്ന അയാളെ ഞാന്‍ ശ്രദ്ധിച്ചു. അത് വളരെ പ്രചോദനം നല്‍കുന്ന ഒന്നായിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ കരുതി, ഏതെങ്കിലും ഒരു ദിവസം ഞാനും ഇതുപോലൊന്ന് പറപ്പിക്കും.’
സിക്കിം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് പൂര്‍ത്തിയാക്കിയ ശിവാംഗി ഉപരിപഠനം നടത്തിയത് ജയ്പൂരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ്. പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് തന്നെ നാവികസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ബീഹാറിലെ മുസാഫര്‍പുര്‍ സ്വദേശിനിയാണ് ശിവാംഗി.
ഇത് വളരെ വലിയ ഉത്തരവാദിത്വമാണ്. ഞാന്‍ വളരെ നന്നായി തന്നെ ജോലി ചെയ്യേണ്ടതുണ്ട്. – ശിവാംഗി പറയുന്നു.