തമിഴ്നാട്ടില്‍ കനത്തമഴ: മേട്ടുപ്പാളയത്ത് കെട്ടിടം തകര്‍ന്നു വീണു 20 മരണം
December 2, 2019 12:50 pm
0
ചെന്നൈ: തമിഴ്നാട്ടില്‍ പെയ്യുന്ന കനത്ത മഴയില്‍ മരണം 20 ആയി. മേട്ടുപ്പാളയത്ത് കെട്ടിടം തകര്‍ന്നു വീണ് 15 പേര്‍ മരിച്ചു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മരിച്ചവരില്‍ പത്തു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. കനത്തമഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന
തീരദേശ മേഖലയിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മേട്ടുപ്പാളയത്തെ നാടൂര്‍ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു കെട്ടിടം തകര്‍ന്നു വീണത്. മൃതദേഹങ്ങള്‍ മേട്ടുപ്പാളയം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇടിഞ്ഞ് വീണ കെട്ടിടത്തിന് അടിയില്‍പ്പെട്ടാണ് തഞ്ചാവൂരിലും തിരുവാരൂരിലും മൂന്ന് പേര്‍ മരിച്ചത്.
ചെന്നൈ ഉള്‍പ്പടെ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. 176 ദുരിതാശ്വാസ ക്യാമ്ബുകള്‍ ചെന്നൈയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവടങ്ങളില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. കടലൂരില്‍ നൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മദ്രാസ്, അണ്ണാ സര്‍വ്വകലാശാകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ചെന്നൈ ഉള്‍പ്പടെ പതിനാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ ഊട്ടിയില്‍ ഗതാഗത നിയന്ത്രണമുണ്ട്.