വധുവിന്റെ ഫോണിലേക്ക് അര്‍ദ്ധരാത്രി വരന്റെ ആദ്യ ഭാര്യയുടെ സന്ദേശം
December 2, 2019 11:50 am
0
കോട്ടയം:വിവാഹത്തിന്റെ തലേദിവസം രാത്രി വധുവിന്റെ ഫോണിലേക്ക് വരന്റെ ആദ്യ ഭാര്യ വാട്സാപ്പ് സന്ദേശം അയച്ചു. തങ്ങളുടെ വിവാഹ ഫോട്ടോയാണ് യുവതി വധുവിന്റെ ഫോണിലേക്ക് അയച്ചത്. ഇതോടെ ഇന്നലെ എലിക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി. എലിക്കുളം പഞ്ചായത്തിലെ വഞ്ചിമല കുനാനിക്കല്‍താഴെ സനിലായിരുന്നു വരന്‍.
വരന്റെയും വധുവിന്റെയും വീടുകളില്‍ ശനിയാഴ്ച രാത്രി ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. യാതൊരു ഭാവവ്യത്യാസവുമില്ലാതെ വരന്‍ ആഘോഷത്തില്‍ പങ്കെടുത്തു. ഇരു വീടുകളിലും ബന്ധുക്കള്‍ക്ക് സദ്യ നല്‍കുകയും ചെയ്തു. എന്നാല്‍ രാത്രി പതിനൊന്നുമണിയോടെ എലിക്കുളം സ്വദേശിനിയായ വധുവിന്റെ ഫോണിലേക്ക് പെരുന്തല്‍മണ്ണ സ്വദേശിനിയുടെ ഫോണില്‍ നിന്ന് കോള്‍ വന്നു. യുവതിയുടെ അച്ഛന്റെ സഹോദരനാണ് വിളിച്ചത്. സനിലും യുവതിയും ഒരു സ്വകാര്യ സ്കൂളില്‍ അദ്ധ്യാപകരാണ്. ഇരുവരും വിവാഹിതരാണെന്നും 13 വര്‍ഷമായി ഒന്നിച്ച് ജീവിക്കുകയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
വിവാഹം മുടക്കാന്‍ പലരും ശ്രമിക്കുമെന്ന് സനില്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ വധു ഇത് കാര്യമായെടുത്തില്ല. എന്നാല്‍ കുറച്ച് സമയത്തിനുള്ളില്‍ ആദ്യ ഭാര്യ വിവാഹ ഫോട്ടോസ് വാട്സാപ്പില്‍ അയച്ചു. അപ്പോഴും വധു വിശ്വസിച്ചില്ല. എന്നാല്‍ സനിലിനെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ അയാള്‍ പ്രതികരിക്കാതായതോടെ സംശയം തോന്നി. അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. വരന്‍ മുങ്ങുകയും ചെയ്തു. വധുവിന്റെ വീട്ടുകാര്‍ വരനെതിരെ പൊലീസില്‍ പരാതിപ്പെടുകയും, നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
13 വര്‍ഷമായി ഒന്നിച്ച് ജീവിക്കുകയാണെങ്കിലും സനിലിന്റെയും പെരിന്തല്‍മണ്ണ സ്വദേശിനിയുടെയും വിവാഹം കഴിഞ്ഞാഴ്ചയാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. യുവതിയുടേത് പുനര്‍വിവാഹമാണ്. വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്ന കാര്യം സനില്‍ പറഞ്ഞെങ്കിലും യുവതിയുടെ വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തി.അതേസമയം, എലിക്കുളം സ്വദേശിനിയുമായുള്ള വിവാഹം ഇവര്‍ അറിയാതിരിക്കാനും യുവാവ് ശ്രദ്ധിച്ചിരുന്നു. അതിനാല്‍ സഹപ്രവര്‍ത്തകരെപ്പോലും വിവാഹക്കാര്യം അറിയിച്ചില്ല. എന്നാല്‍ ഭാര്യ വീട്ടുകാര്‍ കാര്യം അറിഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.