അഞ്ചലില്‍ സാഹസിക പ്രകടനം കാഴ്ചവെച്ച ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു;
November 30, 2019 10:50 am
0
കൊല്ലം: അഞ്ചല്‍ ഈസ്റ്റ് സ്‌കൂളില്‍ സാഹസിക പ്രകടനം കാഴ്ചവെച്ച ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. രണ്ടു ബസുകള്‍ ആണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ വിനോദയാത്രയ്ക്ക് ഒരുങ്ങുമ്ബോഴായിരുന്നു ബസുകള്‍ പിടിച്ചെടുത്തത്. ജില്ലാ അതിര്‍ത്തിയില്‍ വെച്ച് പുനലൂര്‍ മോട്ടോര്‍ വാഹന വകുപ്പ് അസിസ്റ്റന്റ് ഇന്‍സ്പെക്‌ട്ടര്‍മാരായ റാംജി കെ കരണ്‍, രാജേഷ് ജി ആര്‍ സേഫ് കേരള എംവിഐ ശരത് ഡി എന്നിവരുടെ നേതൃത്വത്തിലാണ് ബസുകള്‍ പിടികൂടിയത്.
വാഹനത്തിന്റെ ഫിറ്റ്നെസ്സ്, പെര്‍മിറ്റ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബസ് ഡ്രൈവര്‍മാരായ നിയാസ്, സിനു എന്നിവരുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി തുടങ്ങി. ഇവരുടെ ലൈസന്‍സുകള്‍ പിടിച്ചെടുത്തു. കസ്റ്റഡിയില്‍ എടുത്ത ഡ്രൈവര്‍മാരെ വിട്ടയച്ചുവെങ്കിലും ഇവരോട് ഇന്ന് രാവിലെ അഞ്ചല്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന 336 വകുപ്പ് അനുസരിച്ചാണ് നടപടി.
അതേ സമയം ബസ്റ്റില്‍ നിയമം ലംഘിച്ച് ഫിറ്റ് ചെയ്തിരുന്ന ആഡംബര ഹോണുകള്‍, ലൈറ്റുകള്‍, സ്റ്റിരിയോ സിസ്റ്റം എന്നിവ തിരിച്ച് വരുന്ന വഴിക്ക് ഇളക്കി മാറ്റിയതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ത്ഥികളെ മൈതാന മധ്യത്ത് നിര്‍ത്തിയായിരുന്നു ടൂറിസ്റ്റ് ബസുകളുടെ അഭ്യാസ പ്രകടനം. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആണ് സംഭവം വിവാദമാകുന്നത്. ബസ്സുകള്‍ അഞ്ചല്‍ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കും.