അഭ്യാസ പ്രകടനം നടത്തി ആളെ ഇടിച്ചിട്ടത് ‘കൊമ്പന്‍’; ലൈസൻസ് റദ്ദാക്കും
November 29, 2019 5:50 pm
0
തിരുവനന്തപുരം∙ ഒാള്‍ കേരള ഡ്രൈവേഴ്സ് ഫെഡറേഷന്‍ സമ്മേളനത്തിനിടെ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ തിരിച്ചറിഞ്ഞു. പത്തനംതിട്ടയിലും കോട്ടയത്തുമുള്ള ബസുകളാണിതെന്നും ‘കൊമ്പന്‍’ എന്ന ബസാണ് ഒരാളെ ഇടിച്ചിട്ടതെന്നും കണ്ടെത്തി. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പറഞ്ഞു
ഒക്ടോബര്‍ 12ന് നടന്ന സമ്മേളനത്തിനിടെ മൂന്ന് ബസുകളാണ് അഭ്യസപ്രകടനം നടത്തിയത്. ഇതില്‍ രണ്ടെണ്ണം പത്തനംതിട്ട സ്വദേശിയുടെയും മൂന്നാമത്തേത് കോട്ടയത്തുള്ള ആളിന്റെതുമാണ്. പത്തനംതിട്ട സ്വദേശിയുടെ ‘കൊമ്പന്‍’ എന്ന ബസാണ് ഒരാളെ ഇടിച്ചിട്ടത്. സുജിത് എന്നായാളായിരുന്നു ഇതിന്റ ഡ്രൈവര്‍. കേരളത്തിനു പുറത്തുളള സുജിത് ഒന്നാംതീയതിയേ തിരിച്ചെത്തു. തുടര്‍ന്ന് നോട്ടീസ് നല്‍കിയശേഷം ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. രാജേഷ് എന്നയാളാണ് ഇടികൊണ്ട് വീണതെന്നും, പരാതി നല്‍കാതെ പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്നും കണ്ടെത്തി.
ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ പരിശോധനയ്ക്കു മോട്ടോര്‍വാഹനവകുപ്പ് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അനധികൃത ലൈറ്റുകളും സൗണ്ട് സിസ്റ്റവും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ക്ക് ചെക്ക് പോസ്റ്റുകളില്‍ സ്പെഷല്‍ പെര്‍മിറ്റ് നല്‍കരുത്. ഇത് സംബന്ധിച്ച് എല്ലാം ചെക്ക് പോസ്റ്റുകളിലും നോട്ടിസ് പതിക്കണം. വിനോദയാത്രയുടെ ഭാഗമായി ടൂറിസ്റ്റ് ബസുകള്‍ വിളിച്ച് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത് ഒഴിവാക്കാന്‍ സ്കൂളുകളിലും കോളജുകളിലും ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കണമെന്നും കമ്മിഷണര്‍ നിര്‍ദേശിച്ചു.