Sunday, 26th January 2025
January 26, 2025

എംജി സര്‍വകലാശാലയില്‍ പോലിസിനെ ആക്രമിച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍

  • November 29, 2019 11:50 am

  • 0

കോട്ടയംവിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ എസ് യുഎസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട പോലിസുകാരെയാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. എസ്‌ഐ ഉള്‍പ്പടെ പത്ത് പോലിസുകാര്‍ക്കും പരിക്കേറ്റു.

സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ പോലിസ് വാന്‍ തടഞ്ഞുവച്ച്‌ മോചിപ്പിക്കാനും ശ്രമമുണ്ടായി.എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എം എസ് ദീപക്, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രജിത് എന്നിവര്‍ ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ കേസ് എടുത്തതായി പോലിസ് പറഞ്ഞു. ഒരാളെ അറസ്റ്റ് ചെയ്തു.

എസ്‌ഐ ടി എസ് റെനീഷ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ശ്രീകാന്ത്, അജിത് കുമാര്‍, ശ്രീജിത്, ബിനീഷ്, ജസ്റ്റിന്‍, രാഹുല്‍, ഷൈജു കരുവിള, അജിത്ത്, വനിതാ സിവില്‍ പോലിസ് ഓഫിസര്‍ വേണി എന്നിവര്‍ക്കാണ് പരിക്കേറ്റത്ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

വോട്ട് ചെയ്യാന്‍ വന്ന കെ എസ് യു പ്രതിനിധിയെ ക്യാംപസിനുള്ളില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് തുടക്കം. കെ എസ് യു പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമിച്ച പോലിസ് സംഘത്തെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണു കേസ്. പ്രതികളെ പോലിസ് വാനില്‍ കയറ്റുന്നതും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ പോലിസ് ലാത്തി വീശി. പോലിസിനെ ആക്രമിച്ചു പരുക്കേല്‍പിക്കല്‍, പോലിസ് വാഹനം തടഞ്ഞുവയ്ക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസ്സം നില്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കെ എസ് യു പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതായി എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എം എസ് ദീപക് ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും ഫലപ്രഖ്യാപനം നിയമപരമായി ചോദ്യം ചെയ്യുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞു