അജിത് പവാര്‍ ത്രികക്ഷി മന്ത്രിസഭയില്‍ വീണ്ടും ഉപമുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നുവെന്ന് സൂചന
November 28, 2019 4:20 pm
0
മുംബൈ : ബി.ജെ.പി – എന്‍.സി.പി മന്ത്രിസഭയില്‍ 80 മണിക്കൂര്‍ മാത്രം ഉപമുഖ്യമന്ത്രി സ്ഥാനത്തിരുന്ന ശേഷമാണ് എന്‍.സി.പി നേതാവ് അജിത് പവാര്‍ ആ സ്ഥാനം ഒഴിയുന്നത്. എന്നാല്‍ സ്ഥാനത്യാഗം ചെയ്ത് രണ്ടുദിവസത്തിനുള്ളില്‍ തന്നെ എന്‍.സി.പി നേതൃത്വവുമായി അജിത് വീണ്ടും സഖ്യത്തിലായി. എന്നാല്‍ തക്കസമയത്ത് പാര്‍ട്ടിയെ വഞ്ചിച്ച് ബി.ജെ.പിയോടൊപ്പം പോയ അജിത് പവാറിന്റെ രാഷ്ട്രീയ ഭാവി തുലാസിലാണെന്നും ഇനി രാഷ്ട്രീയ വനവാസമാണ് അദ്ദേഹത്തിന് പറഞ്ഞിട്ടുള്ളതെന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ അജിത് പവാര്‍ എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ് ത്രികക്ഷി സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാകും എന്ന വിവരമാണ് പുറത്തുവരുന്നത്.
എന്നാല്‍ ഉടനെ തന്നെ അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാദ്ധ്യതയില്ല എന്നാണ് സൂചന. ശിവസേന തലവന്‍ ഉദ്ദവ് താക്കറെയോടൊപ്പം, എന്‍.സി.പി നേതാക്കളായ ചാഗ്ഗന്‍ ഭുജ്‌പാല്‍, ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് എന്നിവരും ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. താന്‍ എന്നും എന്‍.സി.പിക്ക് ഒപ്പമായിരുന്നു എന്ന് പ്രസ്താവന നടത്തിയ അജിത്തിനെ വാരിപുണര്‍ന്നുകൊണ്ടാണ് എന്‍.സി.പി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ സ്വീകരിച്ചത്. ബി.ജെ.പിയോടൊപ്പം ചേര്‍ന്നതിന് അജിത്തിന് ശരദ് പവാര്‍ മാപ്പ് നല്‍കിയെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക്കും പറഞ്ഞിരുന്നു.