Sunday, 26th January 2025
January 26, 2025

കല്ലട ബസില്‍ യാത്ര ചെയ്യവേ ബിഗ്‌ബോസ് താരത്തെ കടന്നുപിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമം

  • November 28, 2019 3:50 pm

  • 0

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രചെയ്ത യുവതിക്ക് നേരെ പീഡന ശ്രമം. കൊല്ലം സ്വദേശിനിയായ യുവതിക്കെതിരെയാണ് പീഡന ശ്രമം നടന്നത്. ഏഷ്യാനെറ്റ് ചാനലിലെ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത വ്യക്തി കൂടിയായ യുവതിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് അറസ്റ്റിലായി. കാസര്‍കോട് കുടലു സ്വദേശിയായ മുനവറാ(23)ണ് പീഡന ശ്രമത്തിന് അറസ്റ്റിലായത്.

തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് പോകുകയായിരുന്നു ബസ്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മലപ്പുറം കോട്ടക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ വച്ചായിരുന്നു സംഭവം. അതിക്രമം ശ്രദ്ധയില്‍പെട്ട യുവതി ഉടന്‍ തന്നെ യുവാവിനെ കൈയോടെ പിടികൂടുകയായിരുന്നുഫേസ്‌ബുക്കിലൂടെ ലൈവുമിട്ട് യുവതി മുനവറിനെ അപ്പോള്‍ തന്നെ കുടുക്കുകയായിരുന്നു.

ഇതിനിടെ താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് തടിയൂരാന്‍ യുവാവ് ശ്രമിച്ചെങ്കിലും യുവതിയുടെ കാര്‍ക്കശ്യത്തില്‍ തടി രക്ഷിക്കാനുള്ള ഇയാളുടെ ശ്രമവും വിലപ്പോയില്ല. കാസര്‍കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ടാണ് യുവതി കല്ലട ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര തുടങ്ങിയത്. ഉറങ്ങുകയായിരുന്ന യുവതിയെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബസിന്റെ താഴത്തെ ബര്‍ത്തിലായിരുന്നു യുവതി കിടന്നിരുന്നത്. നേരെ എതിര്‍വശത്തുള്ള ബര്‍ത്തില്‍ കിടന്നിരുന്ന മുനവര്‍ കൈനീട്ടി യുവതിയുടെ ശരീരത്തില്‍ കടന്നുപിടിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതി ബഹളം വച്ചതോടെ സഹയാത്രകര്‍ ഇയാളെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. ഇതോടെ യുവതിയുടെ നിര്‍ദ്ദേശ പ്രകാരം ബസ് കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. കോട്ടക്കല്‍ പൊലീസില്‍ യുവതി പരാതി എഴുതി നല്‍കുകയായിരുന്നു. ഇതോടെ മുനവറിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാരി സമയോചിതമായി പ്രതികരിച്ചതു കൊണ്ടാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. തനിക്കെതിരെ അതിക്രമം ഉണ്ടായപ്പോള്‍ തന്നെ ബസ് ജീവനക്കാരും പൊലീസും സഹകരിച്ചതായി പരാതിക്കാരിയായ യുവതി ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. അതേസമയം കാസര്‍കോട്ടേയ്ക്ക് പോകാനുള്ള നിരവധി യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നതിനാല്‍ യാത്രക്കാരിയുടെ സമ്മതത്തോടെ ബസ് പൊലീസ് വിട്ടയച്ചെന്നാണ് വിവരം.

മുന്‍പ് ഈ വര്‍ഷം ജൂണില്‍ കല്ലട ട്രാവല്‍സിന്റെ മറ്റൊരു ബസില്‍ യാത്രക്കാരിക്ക് നേര്‍ക്ക് ജീവനക്കാരന്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നു. കണ്ണൂരില്‍ നിന്ന് കൊല്ലത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഡ്രൈവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫ് ആയിരുന്നു യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്നു പീഡനശ്രമം. സംഭവത്തില്‍ ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചിരുന്നു. കൂടാതെ ബസ് പിടിച്ചെടുത്ത ശേഷം യാത്രക്കാര്‍ക്ക് മറ്റൊരു വാഹനത്തിലാണ് പൊലീസ് യാത്രാസൗകര്യമൊരുക്കിയത്. അന്നത്തെ സംഭവത്തില്‍ ഇരുപത്തിയഞ്ചുകാരിയായ തമിഴ്‌നാട് സ്വദേശിനിയുടെ നിലവിളി കേട്ട് യാത്രക്കാരാണ് യുവതിയെ രക്ഷപെടുത്തിയത്.

മുന്‍പ് യാത്രക്കാരായ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തിലും സുരേഷ് കല്ലട ഗ്രൂപ്പ് പ്രതിക്കൂട്ടിലായിരുന്നു. ബസ് മണിക്കൂറുകളോളം വൈകിയത് ചോദ്യം ചെയ്ത യാത്രക്കാരായ മൂന്ന് യുവാക്കളെ കല്ലട ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ കൊച്ചി വൈറ്റിലയ്ക്ക് സമീപം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിച്ച്‌ ബസില്‍ നിന്ന് ഇറക്കി വിട്ട യുവാക്കളുടെ വീഡിയോ യാത്രക്കാരിലൊരാള്‍ രഹസ്യമായി പകര്‍ത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈ സംഭവത്തെ തുടര്‍ന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ദീര്‍ഘദൂര യാത്രാബസുകളിലെ പരിശോധന കര്‍ശനമാക്കിയിരുന്നു.