Thursday, 23rd January 2025
January 23, 2025

ഭർത്താവിനെ കൊന്നുകുഴിച്ചിട്ട് അടുക്കള പണിതു

  • November 23, 2019 3:50 pm

  • 0

മധ്യപ്രദേശിൽ ഭർത്താവിനെ കൊന്നു കുഴിച്ചിട്ട് അതിനു മുകളിൽ അടുക്കള ഉണ്ടാക്കി യുവതി. ‘ദൃശ്യം’ സിനിമ മോഡലിൽ ഒരു മാസം മുൻപു നടന്ന കൊലപാതക വിവരം ഇപ്പോഴാണു പുറത്തുവന്നത്. മധ്യപ്രദേശിലെ കോട്മയിലെ താമസക്കാരനായ മോഹിത് (34) ആണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത് ഇയാളുടെ ഭാര്യയായ പ്രതിമ ബനവാൾ ആയിരുന്നു. കൊലയ്ക്കുശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായിരുന്നു നീക്കമെന്നു കോട്മ പൊലീസ് ഉന്നത ഉദ്യോഗസ്ഥനായ കെ.എൻ.പ്രസാദ് പറഞ്ഞു.

അഭിഭാഷകനായ മോഹിതിനെ കാണാതായ സംഭവത്തെക്കുറിച്ച് ഇയാളുടെ സഹോദരൻ അർജുൻ പ്രതിമയോടു അന്വേഷിച്ചിരുന്നു. അർജുനെ വീടിന് അകത്തേക്കു കയറാൻ അനുവദിച്ചിരുന്നില്ല. രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. ഇതോടെയാണു ബന്ധുക്കൾക്കു സംശയം തോന്നിയത്. വ്യാഴാഴ്ച ആളുകൾ കയറാൻ ശ്രമിച്ചതിനെ തുടർന്നു പ്രതിമ വീടു താഴിട്ടുപൂട്ടി. വാതിൽ തകർത്ത് അകത്തുകയറിയ ആൾക്കാർക്കു വീട്ടിനുള്ളിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടു. ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വീടിനകത്തു കുഴിച്ചുനോക്കിയ പൊലീസ് മോഹിത്തിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം മറവു ചെയ്തശേഷം അതിനു മുകളിൽ പ്രതിമ അടുക്കള ഉണ്ടാക്കുകയായിരുന്നു. മൃതദേഹം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഒക്ടോബർ 22ന് വയർ കഴുത്തിൽ മുറുക്കിയാണു പ്രതിമ മോഹിത്തിനെ വകവരുത്തിയത്. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.