ജോബിയുടെ കൈക്കരുത്തില്‍ മമ്മുട്ടി തോറ്റുപോയി
November 23, 2019 6:50 pm
0
തിരുവനന്തപുരം: ‘ജോബിക്ക് ഈ വേദിയില്‍ ആരോടെങ്കിലും പഞ്ചഗുസ്‌തി പിടിക്കണം‘ അവതാരകയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ‘അങ്ങനെ ആരോടെങ്കിലും മുട്ടണ്ട, ഒരുകൈ ഞാന്‍തന്നെ നോക്കാം‘ എന്നുപറഞ്ഞ് മുന്നോട്ടുവന്നത് മെഗാസ്‌റ്റാര്‍ മമ്മൂട്ടി. ‘എന്റെ കൈയില്‍നിന്ന് പുരസ്‌കാരം വാങ്ങിയെന്ന് കരുതി തോറ്റ് തരണ്ട, കേട്ടോ‘ എന്ന് ജോബിയോട് ഡയലോഗും അടിച്ചു.കൈരളി ടിവി ഫീനിക്‌സ് പുരസ്‌കാര സമര്‍പ്പണ വേദിയിലായിരുന്നു താരവും ചാമ്ബ്യനും തമ്മിലുള്ള ‘കൊരുക്കല്‍‘.
മത്സരിക്കാന്‍ ആരെങ്കിലും മതിയെന്ന് കരുതിയ ഭിന്നശേഷി വിഭാഗത്തിലെ ലോക പഞ്ചഗുസ്‌തി ചാമ്ബ്യന്‍ ജോബി മാത്യുവിന് മമ്മൂട്ടി എതിരാളിയായി എത്തിയപ്പോള്‍ ആഹ്ലാദം. ഷര്‍ട്ടിന്റെ കൈഭാഗം കുറച്ച് മേലോട്ട് കയറ്റി മമ്മൂട്ടി. ജോബിയും വിട്ടില്ല. ബനിയന്റെ കൈ തെറുത്തു. രണ്ടുപേരും കരം കോര്‍ത്തു.
കൈയടി മുഴങ്ങി. കാണികളുടെ മനസ്സില്‍ ആവേശവും മിഴികളില്‍ ആകാംക്ഷയും. ബിഗ്‌സ്‌ക്രീനില്‍ വില്ലന്മാരെ മിന്നല്‍വേഗത്തില്‍ നിലംപരിശാക്കുന്ന താരം നിമിഷങ്ങള്‍ക്കുള്ളില്‍ ജോബിയുടെ കരുത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു.ജോബിക്ക് അഭിനന്ദനത്തിന്റെ ഷേക്ക് ഹാന്‍ഡും നല്‍കി മമ്മൂട്ടി.
സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ മമ്മൂട്ടിയെക്കുറിച്ചുള്ള മധുരമുള്ള ഓര്‍മകളും ജോബി പങ്കുവച്ചു. കോളേജ് ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്ന സമയത്ത് ക്ലബ് ഉദ്‌ഘാടനത്തിന് ക്ഷണിക്കാന്‍ എത്തിയ നിമിഷമാണ് ഓര്‍ത്തെടുത്തത്. തിരക്കുമൂലം വരാന്‍ കഴിയില്ലെന്നും എന്താവശ്യമുണ്ടെങ്കിലും നിനക്ക് എന്നെ വിളിക്കാം എന്നുംപറഞ്ഞ് സ്‌നേഹത്തോടെ മമ്മൂട്ടി ഫോണ്‍ നമ്ബര്‍ നല്‍കിയ കാര്യം ജോബി പങ്കുവച്ചപ്പോള്‍ സദസ്സില്‍ ഹര്‍ഷരാവം.
കൈരളി ടിവി ചെയര്‍മാന്റെ പ്രത്യേക പുരസ്‌കാരവും ജോബിക്ക് മമ്മൂട്ടി സമ്മാനിച്ചു. ആലുവ സ്വദേശിയാണ് ജോബി.