മേധാ പട്കറുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം
November 22, 2019 12:50 pm
0
മുംബൈ: സാമൂഹികപ്രവര്‍ത്തകയും നര്‍മദാ ബച്ചാവോ ആന്തോളന്‍ നേതാവുമായ മേധാ പട്കറുടെ പാസ്‌പോര്‍ട്ട് റദ്ദുചെയ്യാനൊരുങ്ങി മുംബൈ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസ്. നര്‍മദ സമരപരിപാടികളുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ പേരിലാണ് നടപടിക്കൊരുങ്ങുന്നത്. പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുമ്ബോള്‍ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നതാണ് ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇക്കാര്യം വ്യക്തമാക്കി ഒക്ടോബര്‍ 18ന് മേധാ പട്കര്‍ക്ക് റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഒമ്ബത് ക്രിമിനല്‍ കേസുകളാണ് മേധയ്‌ക്കെതിരേ നിലവിലുള്ളതെന്നാണ് നോട്ടീസില്‍ പറയുന്നത്. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്ബോള്‍ എല്ലാ വിശദാംശങ്ങളും നല്‍കാത്തത് സംബന്ധിച്ച് മേധാ പട്കര്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
വിവരങ്ങള്‍ മറച്ചുവച്ചാണ് മേധാ പട്കര്‍ പാസ്‌പോര്‍ട്ട് എടുത്തതെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ സഞ്ജീവ് ഝാ നല്‍കിയ പരാതിയിലാണ് നടപടി. മേധയ്‌ക്കെതിരേ നിലവില്‍ എത്ര കേസുകളുണ്ടെന്ന് വ്യക്തമാക്കാന്‍ മുംബൈ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസ് മധ്യപ്രദേശ് ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു. അതേസമയം, തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കത്തിന് പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മേധാ പട്കര്‍ ആരോപിച്ചു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രത്യേകതാല്‍പര്യം ലക്ഷ്യമിട്ടുള്ളവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രതിക്കൂട്ടിലാക്കാന്‍ അവര്‍ ഒരുകാരണം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മേധാ വ്യക്തമാക്കി.
റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. മധ്യപ്രദേശിലെ ബര്‍വാനി, അലിരാജ്പൂര്‍, ഖാണ്ട്വ ജില്ലകളിലായാണ് തനിക്കെതിരേ ഒമ്ബതുകേസുകളുണ്ടെന്ന് പറഞ്ഞിരിക്കുന്നത്. ഇതില്‍ ബര്‍വാനിയില്‍ രണ്ടും അലിരാജ്പൂരില്‍ ഒരുകേസിലും തന്നെ കുറ്റവിമുക്തയാക്കിയിട്ടുണ്ട്. മൗനജാഥ നടത്തിയതുമായി ബന്ധപ്പെട്ട് 2017 ആഗസ്തില്‍ ബര്‍വാനിയില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതെക്കുറിച്ച് പാസ്‌പോര്‍ട്ട് ഓഫിസില്‍നിന്ന് തനിക്ക് യാതൊരു വിവരവും നല്‍കിയിട്ടില്ല. ഖാണ്ട്വ ജില്ലാ കോടതിയില്‍ തനിക്കെതിരേ തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളുള്ളതായി ഓര്‍മയില്ല. ഒരു കേസിലും തനിക്ക് സമന്‍സ് ലഭിക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്തിട്ടില്ല. ഈ കേസുകളിലും പ്രതിയാക്കപ്പെട്ടതായും അറിയില്ല. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന തിയ്യതിക്കുള്ളില്‍ തനിക്കെതിരേ ചുമത്തിയ എല്ലാ കേസിലും കുറ്റവിമുക്തമാക്കപ്പെട്ടിരുന്നതായും മേധാ പട്കര്‍ കൂട്ടിച്ചേര്‍ത്തു.