Thursday, 23rd January 2025
January 23, 2025

ടെലികോം കമ്പനികൾക്ക് ആശ്വാസവുമായി കേന്ദ്രം

  • November 21, 2019 11:00 am

  • 0

ടെലികോം കമ്പനികള്‍ സ്‌പെക്ട്രം വാങ്ങിയ ഇനത്തിലുള്ള കുടിശ്ശിക അടയ്ക്കുന്നതിന് മൊറട്ടോറിയം അംഗീകരിച്ച് കേന്ദ്ര സർക്കാർ. കമ്പനികൾക്ക് രണ്ടു വർഷത്തേക്ക് (2020-2021,2021-2022) മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയുടെ (സിസിഇഎ) നിര്‍ദേശമാണ് കേന്ദ്രം അംഗീകരിച്ചത്. തിരിച്ചടവ് കാലാവധി നീട്ടി നൽകുന്നതിനെയാണ് മൊറട്ടോറിയം എന്നതു കൊണ്ടുദ്ദേശിക്കുന്നത്.

ഭാരതി എയര്‍ടെല്‍, വോഡഫോണ്‍–ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികള്‍ക്ക് ഈ ആനുകൂല്യം ആശ്വാസകരമാകും. കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇളവ് നൽകിയതെന്നു ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിസഭയും അംഗീകാരം നൽകി.

ടെലികോം മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച സെക്രട്ടറിമാരുടെ സമിതിയുടെ ശുപാർശകൾ അനുസരിച്ച് ടെലികോം സേവന ദാതാക്കൾ നൽകേണ്ട ശേഷിക്കുന്ന തവണകളിലേക്ക് ഈ തുക തുല്യമായി വീതിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സ്പെക്ട്രം ലേലം ചെയ്യുമ്പോൾ നിശ്ചയിച്ചിട്ടുള്ള പലിശ ഈടാക്കുമെന്നും അതിനാൽ അടയ്ക്കേണ്ട തുകയുടെ ഇപ്പോഴത്തെ മൂല്യം (എൻപിവി) പരിരക്ഷിക്കപ്പെടുമെന്നും ധനമന്ത്രി അറിയിച്ചു. മൊറട്ടോറിയം അനുവദിക്കുന്ന ടെലികോം സേവന ദാതാക്കൾ പുതുക്കിയ അടയ്‌ക്കേണ്ട തുകയ്‌ക്ക് ബാങ്കിൽ ഗ്യാരണ്ടി നൽകണം.

ടെലികോം കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പരിഗണനയിലുണ്ടെന്നു കഴിഞ്ഞ ദിവസം ധനമന്ത്രി വ്യക്തമാക്കിയിരുന്നു. സ്‌പെക്ട്രം ലേലത്തുക അടയ്ക്കാന്‍ കുടിശ്ശിക വരുത്തിയ ടെലികോം കമ്പനികള്‍ക്ക് ഇളവും മറ്റെന്തെങ്കിലും രക്ഷാ പാക്കേജുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കുടിശ്ശിക വരുത്തിയ ടെലികോം കമ്പനികള്‍ക്ക് രണ്ടുവര്‍ഷം മൊറോട്ടോറിയം അനുവദിക്കാനുള്ള തീരുമാനം.

ഇതുവഴി ഭാരതി എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും റിലയൻസ് ജിയോയ്ക്കും ഉൾപ്പെടെ 42,000 കോടിയുടെ ആശ്വാസം ലഭിക്കും. ഭീമമായ വരുമാനനഷ്ടത്തിലായിരുന്ന ടെലികോം കമ്പനികൾക്ക് ആശ്വാസം പകരുന്നതാണ് സർക്കാർ നടപടിയെന്ന് സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) വ്യക്തമാക്കി. മൊറട്ടോറിയത്തോടൊപ്പം നിരക്കു വർധന കൂടിയാകുന്നതോടെ കമ്പനികൾ താൽക്കാലിക ആശ്വാസം പ്രതീക്ഷിക്കുന്നുണ്ട്.

നിരക്കു വർധന വരുമോ?

വർഷങ്ങൾക്കു ശേഷം മൊബൈൽ ടെലികോം വിപണിയിൽ നിരക്കുവർധനയ്ക്കു കളമൊരുങ്ങാനിരിക്കെയായിരുന്നു സർക്കാരിന്റെ ഇടപെടൽ. ‘സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം’ എന്നു വിശദീകരിച്ച് എയർടെലും വോഡഫോൺ ഐഡിയയും ഡിസംബർ ഒന്നുമുതൽ നിരക്കു കൂട്ടുകയാണെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിൽ മാറ്റമുണ്ടാകാനിടയില്ലെന്നാണു സൂചന. എന്നാൽ വർധന എത്രത്തോളമെന്നോ ഏതൊക്കെ ഇനങ്ങളിൽ എന്നോ കമ്പനികൾ വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കൾക്ക് താങ്ങാനാകുന്ന നിരക്കിൽ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ഇരു കമ്പനികളും പറയുന്നു.

റിലയൻസ് ജിയോ നിരക്കു കൂട്ടാനിടയില്ല. പൊതുമേഖലയിലെ ബിഎസ്എൻഎലും നിരക്കു വർധിപ്പിക്കുമെന്നു സൂചനയില്ല. സുപ്രീം കോടതി ഉത്തരവനുസരിച്ചു സർക്കാരിനു നൽകാനുള്ള കുടിശിക കൂടി കണക്കിലെടുത്ത്, എയർടെൽ ജൂലൈ–സെപ്റ്റംബർ കാലത്ത് 23,045 കോടി രൂപയുടെയും വോഡഫോൺ ഐഡിയ 50,921 കോടി രൂപയുടെയും ഭീമമായ നഷ്ടം രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതി ഉത്തരവുപ്രകാരം സർക്കാരിന് ലൈസൻസ്, സ്പെക്ട്രം ഫീസ് കുടിശിക നൽകാനായാണ് കമ്പനികൾക്കു വൻ തുക നീക്കിവയ്ക്കേണ്ടിവത്.