മരിച്ചയാളുടെ അക്കൗണ്ടിൽനിന്ന് 25.8 ലക്ഷം അടിച്ചുമാറ്റി
November 20, 2019 7:55 pm
0
മരിച്ചയാളുടെ അക്കൗണ്ടിൽനിന്ന് 25.8 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ രണ്ട് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. തിരുച്ചിറപ്പള്ളിയിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിലാണ് സംഭവം. ബാങ്ക് മാനേജർ ഷെയ്ഖ് മൊയ്ദീൻ, അസിസ്റ്റന്റ് മാനേജർ ചിന്നദുരൈ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സോണൽ മാനേജരുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്.
ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ വയലൂർ ശാഖയിൽ ഉപഭോക്താവായിരുന്ന എമിസോള എന്നയാൾ കുറച്ചുവർഷം മുമ്പ് മരിച്ചുപോയിരുന്നു. ഇവരുടെ അക്കൌണ്ടിൽനിക്ഷേപിച്ചിരുന്ന പണം പിൻവലിക്കാൻ അവകാശികൾ ആരും എത്തിയിരുന്നില്ല. അതിനിടെയാണ് എമിസോളയുടെ വ്യാജ ഒപ്പിട്ട് ഷെയ്ഖ് മൊയ്ദീനും ചിന്നദുരൈയും എടിഎം കാർഡ് സംഘടിപ്പിച്ചത്. ഈ കാർഡ് ഉപയോഗിച്ച് അക്കൗണ്ടിലുള്ള പണം ഘട്ടംഘട്ടമായി പിൻവലിച്ചുവരികയായിരുന്നു. ഓഡിറ്റ് പരിശോധനയ്ക്കിടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
ഇതേ അക്കൗണ്ടിൽ വർഷങ്ങളായി പണമൊന്നും നിക്ഷേപിക്കാതിരുന്നിട്ടും, എടിഎം കാർഡ് ഉപയോഗിച്ച് പണം നിരന്തരം പിൻവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികൃതർ ഇക്കാര്യം പരിശോധിച്ചത്. അന്വേഷണത്തിൽ അക്കൗണ്ട് ഉടമ വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയതാണെന്ന് വ്യക്തമായി. വിശദമായ അന്വേഷണത്തിലാണ് മാനേജരും അസിസ്റ്റന്റ് മാനേജരും ചേർന്ന് നടത്തിയ തട്ടിപ്പ് പുറത്തുവന്നത്. ഇരുവർക്കുമെതിരെ ഗൂഢാലോചന, വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.