Thursday, 23rd January 2025
January 23, 2025

മലയാള സിനിമയിലെ മദ്യപിക്കാത്ത താരങ്ങള്‍

  • November 20, 2019 6:00 pm

  • 0

മലയാള സിനിമയുടെ ഹാസ്യ നടന്‍ സലീം കുമാര്‍ ഓരോ തവണയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അടുത്തിടെ അമ്ബതാം പിറന്നാള്‍ ആഘോഷിച്ച താരം സിനിമകളുടെ തിരക്കുകളിലാണ്. നേരത്തെ അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്ന താരത്തെ സോഷ്യല്‍ മീഡിയ പലവട്ടം കൊന്നിരുന്നു. സലീം കുമാര്‍ മരിച്ചെന്ന പ്രചരണം ഒരുപാട് തവണ ഉണ്ടായതിനെ കുറിച്ച്‌ താരം തന്നെ രസകരമായ രീതിയില്‍ പറഞ്ഞിരിക്കുകയാണ്.

ഇത് മാത്രമല്ല മലയാള സിനിമയില്‍ മദ്യപിക്കാത്ത താരങ്ങള്‍ ആരൊക്കെയാണെന്നുള്ളതിനെ കുറിച്ചും സലീം കുമാര്‍ പറയുന്നു. ചങ്ങനാശേരി എസ് ബി കോളേജില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ആരും ഇതുവരെ കേള്‍ക്കാത്ത കാര്യങ്ങള്‍ സലീം കുമാര്‍ വെളിപ്പെടുത്തിയത്.

സലീം കുമാറിന്റെ വാക്കുകളിലേക്ക്

മദ്യപിക്കാത്ത പുകവലിക്കാത്ത ഒരാളെയൊക്കെ ഈ പുതുതലമുറയില്‍ ഞാന്‍ കണ്ട ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. അവന്‍ ഈ കോളേജിന്റെ ഒരു സന്തതിയാണ്. ഒരു പാര്‍ട്ടി വന്ന്, മയക്കുമരുന്നിനെതിരായ സത്യപ്രതിഞ്ജ ചെയ്യാന്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. ഞാന്‍ വരില്ല കാരണം ഞാന്‍ സിഗരറ്റ് വലിക്കും. സിഗരറ്റ് മയക്ക് മരുന്നല്ലെങ്കില്‍ പോലും അതൊരു മയക്കു മരുന്ന് തന്നെയാണ്. ഞാന്‍ പറഞ്ഞു, ഒന്നുകില്‍ നിങ്ങള്‍ മമ്മൂട്ടിയെ വിളിക്കുക. അല്ലെങ്കില്‍ ജഗദീഷിനെ വിളിക്കു, അതുമല്ലെങ്കില്‍ നിങ്ങള്‍ കുഞ്ചാക്കോ ബോബനെ വിളിക്കു. അവരെയാണ് എനിക്ക് നിര്‍ദ്ദേശിക്കാനുള്ളതെന്നും സലീം കുമാര്‍ പറയുന്നു.

അസുഖം ബാധിച്ച്‌ തീവ്ര പരിചരണ യൂണിറ്റില്‍ കിടന്നത് വലിയൊരു വഴിത്തിരിവായി. ആളുകള്‍ ഞാന്‍ മരിച്ചെന്ന് പറഞ്ഞത് ഞാന്‍ നല്ല ബോധത്തോടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കിടക്കുമ്ബോഴാണ്. എന്ത് ചെറിയ ചുമ വന്നാലും എന്നെ ഐസിയുവില്‍ കയറ്റും. നല്ല ട്രീറ്റ്‌മെന്റ് കിട്ടും. അതല്ലാതെ വേറെ പ്രശ്‌നമൊന്നുമില്ല. തൊട്ടടുത്ത് കിടക്കുന്ന എനിക്ക് പരിചയമില്ലാത്ത ഒരുപാട് ആളുകള്‍ പടക്കം പൊട്ടുന്ന പോലെ മരിച്ച്‌ പോകുന്നു. ഞാന്‍ അവിടെ എണീറ്റ് കിടക്കുകയാണ്. കൈയെത്തും ദൂരത്ത് മരണം നില്‍ക്കുകയാണ്. ഒരിക്കല്‍ ഞാനും ഇങ്ങനെ പോകേണ്ട ആളാണ് എന്ന് എനിക്ക് അറിയാം.

നമുക്കൊപ്പം ആരുമില്ല. ഒറ്റയ്ക്കാണ്. നമുക്ക് പരിചയമില്ലാത്ത വെളുത്ത വസ്ത്രം ധരിച്ച്‌ മാലാഖമാരും ഡോക്ടര്‍മാരും മാത്രം. വേറെ ആരുമില്ല. നമ്മളോട് ഷെയര്‍ ഇട്ട് അടിച്ചവരില്ല. ഒരു പടിയ്ക്കപ്പുറത്ത് ഭാര്യയോ അച്ഛനോ അമ്മയോ ഒക്കെ ഇരിപ്പുണ്ടാവും. പക്ഷേ അവര്‍ക്ക് നമ്മുടെ അടുത്തേക്ക് വരാന്‍ പറ്റില്ല. അന്ന് ഞാന്‍ അവസാനിപ്പിച്ചതാണ് മനസില്‍ എന്തെങ്കിലും ദുഷ്ടത ഉണ്ടെങ്കില്‍ അതെല്ലാം. നല്ലവനാകാനുള്ള തുടക്കം അവിടെ നിന്നാണ്. മോശം പ്രവര്‍ത്തി ചെയ്താലും നല്ല പ്രവര്‍ത്തി ചെയ്താലും ഇതൊക്കെയാണ് നമ്മുടെ അവസാനം എന്നെനിക്ക് മനസിലായി.

നാല് പേരുടെ മുന്‍പില്‍ ആളാകാന്‍ വേണ്ടി പാട്ട് പാടുന്ന ഒരു അസുഖം എനിക്കുണ്ടായിരുന്നു. എല്ലായിടത്തും പാടും. വെള്ളിയാഴ്ച സ്‌കൂളില്‍ ലാസ്റ്റ് പിരീഡ് സോഷ്യല്‍ ആക്ടവിറ്റീസ് പ്രോത്സാഹിപ്പിക്കാന്‍ മാറ്റി വയ്ക്കുമായിരുന്നു. അതിന്റെ പേര് തന്നെ സോഷ്യല്‍ എന്നായിരുന്നു. ഈ സോഷ്യല്‍ പിരീഡില്‍ എല്ലാ ആഴ്ചയും എന്റെ പാട്ടുണ്ടാകുമായിരുന്നു. ഒരു ദിവസം ടീച്ചര്‍ പറഞ്ഞു. എനിക്ക് അറിയാവുന്ന കാര്യം ചെയ്യാന്‍. അന്നും ഞാന്‍ മിമിക്രി അവതരിപ്പിക്കുമായിരുന്നു. എന്നോട് മിമിക്രി ചെയ്യാന്‍ ടീച്ചര്‍ പറഞ്ഞു. അന്ന് മിമിക്രിയെ സീരിയസായി കണ്ടിരുന്നില്ല. ടീച്ചര്‍ അന്ന് അത് പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ മിമിക്രി കാര്യമായി എടുക്കില്ലായിരുന്നു. എന്നുമാണ് ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ അധ്യാപകയെ കുറിച്ച ്‌സലീം കുമാര്‍ പറയുന്നത്.