Thursday, 23rd January 2025
January 23, 2025

ജിയോയും മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും

  • November 20, 2019 3:00 pm

  • 0

ഭാരതി എയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്ക്കും പിന്നാലെ റിലയന്‍സ് ജിയോയും താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. ടെലികോം താരിഫ് പുനര്‍നിര്‍ണയത്തിനായുള്ള കണ്‍സള്‍ട്ടേഷന്‍ നടപടികള്‍ തുടങ്ങാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരെ പോലെ സര്‍ക്കാരിനൊപ്പം നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് റിലയന്‍സ് ജിയോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വോഡഫോണ്‍ ഐഡിയയേയും എയര്‍ടെലിനേയും പോലെ ജിയോയും താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന സൂചനയാണ് ഇത്. താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടി വന്നാലും അത് ഡാറ്റാ ഉപഭോഗത്തെ ബാധിക്കാത്ത വിധത്തിലുള്ളതായിരിക്കുമെന്നും പ്ലാനുകള്‍ക്കൊപ്പമുള്ള ഡാറ്റാ അനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും ജിയോ പറഞ്ഞു.

ജിയോ നല്‍കുന്ന കണക്കുകളനുസരിച്ച് രാജ്യത്തെ ഉപയോക്താക്കള്‍ പ്രതിമാസം 600 ജിബി ഡാറ്റ ഉപയോഗിക്കുന്നുണ്ട്. താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചാലും ഈ ഡേറ്റാ ഉപഭോഗത്തില്‍ കുറവുവരുത്താതെ നോക്കാനാണ് ജിയോ ശ്രമിക്കുന്നത്.

ട്രായ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ജിയോ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ എയര്‍ടെലും, വോഡഫോണും അങ്ങനെയല്ല ട്രായ് നിയമങ്ങള്‍, അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ കോടികളുടെ കുടിശ്ശിക, ജിയോയുടെ വരവോടെയുണ്ടായ ഉപയോക്താക്കളുടെ വന്‍ കൊഴിഞ്ഞ് പോക്ക് എന്നിവ മൂലം കനത്ത സാമ്പത്തിക നഷ്ടമാണ് ഈ കമ്പനികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് കമ്പനികള്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുമെന്നാണ് പ്രഖ്യാപനം. 2012 ന് ശേഷം ആദ്യമായാണ് ടെലികോം താരിഫില്‍ ഇങ്ങനെ ഒരു വര്‍ധന ഉണ്ടാവുന്നത്. നിരക്ക് വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പുതിയ നിരക്കുകള്‍ എന്തായിരിക്കുമെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല.