Thursday, 23rd January 2025
January 23, 2025

ചായയില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷം ബലാത്സംഗം

  • November 19, 2019 8:00 pm

  • 0

ചായയില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷം ബലാത്സംഗം ചെയ്ത് പണം തട്ടിയിരുന്ന യുവാവ് അറസ്റ്റില്‍. ഭോപ്പാലില്‍ നിന്ന് കവര്‍ച്ച നടത്തി മടങ്ങുന്നതിനിടെയാണ് ജലന്ധര്‍ സ്വദേശി സിമ്രാന്‍ സിങ് പൊലീസിന്റെ പിടിയിലായത്. എട്ടുനഗരങ്ങളിലായി മുപ്പതിലേറെ സ്ത്രീകളെ ഇയാള്‍ പീഡനത്തിനും കവര്‍ച്ചയ്ക്കും ഇരയാക്കിയതായി പൊലീസ് പറയുന്നു.

ദൃശ്യം സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരത്തില്‍ കവര്‍ച്ച നടത്തിയതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. കവര്‍ച്ചയ്ക്കിരയായവരുടെ മൊബൈല്‍ ഫോണുകള്‍ ഏതെങ്കിലും ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നുവെന്നും സിമ്രാന്‍ സമ്മതിച്ചിട്ടുണ്ട്.

സൗഹൃദം നടിച്ച്‌ അടുത്ത് കൂടിയ ശേഷം ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നത്. വിദേശത്ത് ഉയര്‍ന്ന ശമ്ബളത്തില്‍ ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത ശേഷം പണവുമായി ഹോട്ടലിലേക്ക് എത്താന്‍ സിമ്രാന്‍ ആവശ്യപ്പെടും.

ബോധം മറഞ്ഞാല്‍ ബലാത്സംഗത്തിന് വിധേയരാക്കും. സ്ത്രീകള്‍ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും വിസയ്ക്കായി കൊണ്ടുവന്ന പണവും കവര്‍ന്ന ശേഷം കടന്നു കളയുകയായിരുന്നു സിമ്രാന്റെ രീതിയെന്നും പൊലീസ് പറയുന്നു.

സ്ത്രീകള്‍ക്ക് പുറമേ പുരുഷന്‍മാരെയും ഇയാള്‍ കവര്‍ച്ചയ്ക്കിരയാക്കിയതായി തെളിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് കടന്ന് സുഖമായി ജീവിക്കുന്നതിനായാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. 15 ലക്ഷത്തിലേറെ രൂപയാണ് സിമ്രാന്‍ പലരില്‍ നിന്നായി കവര്‍ന്നത്.