നേപ്പാളില്‍ വിമാനം തകര്‍ന്നു വീണ സംഭവം; 14 മൃതദേഹങ്ങള്‍ കണ്ടെത്തി
May 30, 2022 11:38 am
0
കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്ന് 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കാഠ്മണ്ഡുവിലേക്ക് അയച്ചു.കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
22 യാത്രക്കാരുമായി തകര്‍ന്നുവീണ വിമാനം കണ്ടെത്തിയതായി ഇന്ന് രാവിലെയാണ് നേപ്പാള്‍ സൈന്യം സ്ഥിരീകരിച്ചത്. പര്‍വത നഗരമായ ജോംസോമിന് സമീപമുള്ള മുസ്താങ് ജില്ലയിലെ സനോസ്വെയറിലാണ് വിമാനം കണ്ടെത്തിയതെന്ന് നേപ്പാള്‍ ആര്‍മി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ നാരായണ്‍ സില്‍വാല്‍ ട്വീറ്റ് ചെയ്തു. തകര്‍ന്നുവീണ വിമാനത്തിന്‍റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
ഞായറാഴ്ച്ചയാണ് 4 ഇന്ത്യക്കാരുള്‍പ്പെടെ 22 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകര്‍ന്നുവീണത്. കാഠ്മണ്ഡുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള റിസോര്‍ട്ട് പട്ടണമായ പൊഖാറയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നുവീണത്. മോശം കാലാവസ്ഥയും ഇരുട്ടും കാരണം ഞായറാഴ്ച രാത്രി താല്‍ക്കാലികമായി നിര്‍ത്തിവച്ച വിമാനത്തിനായുള്ള തെരച്ചില്‍ ഇന്ന് രാവിലെയാണ് പുനഃരാരംഭിച്ചത്.