രണ്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത് 17കാരൻ
November 19, 2019 2:26 pm
0
സ്കൂളിൽ നിന്ന് മടങ്ങും വഴി ഏഴ് വയസുകാരനെ തട്ടിയെടുത്തു മോചനദ്രവ്യമായി മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട പതിനേഴുകാരനായ പത്താംക്ലാസ് വിദ്യാർഥിയെ പൊലീസ് പിടികൂടി. മൂന്ന് മണിക്കൂറിനകം പൊലീസ് ഏഴുവയസുകാരനെ മോചിപ്പിച്ചു. കൗമാരക്കാരനെ പൊലീസ് നിരീക്ഷണ കേന്ദ്രത്തിലേക്കു അയച്ചു.
എൻജിനീയറായ ജി. രാജു എന്നയാളാണ് രണ്ടാം ക്ലാസിൽ പഠിക്കുന്ന തന്റെ മകനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി രചകോണ്ട പൊലീസിനെ സമീപിച്ചത്. മൂന്ന് ലക്ഷം രൂപ മോചനദ്രവ്യമായി നൽകിയില്ലെങ്കിൽ മകനെ കൊലപ്പെടുത്തുമെന്നു വിദ്യാർഥി പറഞ്ഞതായി ജി. രാജു പൊലീസിനോടു പറഞ്ഞു.
ഒന്നരലക്ഷം രൂപ താൻ നൽകാമെന്നും കുഞ്ഞിനെ ഉപദ്രവിക്കരുതെന്നും രാജു അപേക്ഷിച്ചുവെങ്കിലും കൗമാരക്കാരൻ അത് ചെവികൊണ്ടില്ലെന്നും രാജു പൊലീസിൽ പരാതിപ്പെട്ടു. ഒടുവിൽ 25000 രൂപ പണമായും ബാക്കി പണം ചെക്ക് ആയും നൽകാമെന്ന രാജുവിന്റെ നിർദേശം കൗമാരക്കാരൻ സ്വീകരിക്കുകയായിരുന്നു.
പൊലീസിന്റെ നിർദേശമനുസരിച്ച് ഓരോ അരമണിക്കൂറിലും രാജു പതിനേഴുകാരനെ ഫോണിൽ ബന്ധപ്പെട്ടു കൊണ്ടിരുന്നു. ടവർ ലൊക്കേഷൻ വിവരം മനസിലാക്കിയതോടെ പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. തട്ടിക്കൊണ്ടു പോയത് പ്രായപൂർത്തിയാകാത്ത ആളാണെന്നു സ്ഥലത്തെത്തിയപ്പോഴാണ് പൊലീസിന് മനസിലായത്. സ്പെഷൽ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ പിഎസ്ആർ കോളനിയിൽ ആറുവയസുകാരനൊത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണുകയും ഓട്ടോയിൽ കൂട്ടിക്കൊണ്ടു വരികയുമായിരുന്നുവെന്ന് പതിനേഴുകാരൻ െപാലീസിനോട് പറഞ്ഞു.
കുട്ടിയെ ഉപദ്രവിക്കുകയോ കെട്ടിയിടുകയോ ചെയ്തിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. സൗഹാർദ്ദപരമായാണ് കൗമാരക്കാരൻ കുട്ടിയോട് ഇടപെട്ടിരുന്നത്. അൽമാസ്ഗുഡയിലെ ക്ഷേത്രത്തിനു മുന്നിൽ കുട്ടിയെ ഇരുത്തിയിരിക്കുകയായിരുന്നു. മുൻപ് അയൽവാസിയുടെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചതായി കൗമാരക്കാനെതിരെ പരാതിയുണ്ടായിരുന്നെങ്കിലും രണ്ടു കുടുംബങ്ങളും ചേർന്ന് കേസ് ഒത്തുതീർക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.