എയിംസ് തലസ്ഥാനത്ത് തന്നെ വേണമെന്ന് ബി ജെ പി, അനുമതി നല്‍കില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍
May 27, 2022 12:28 pm
0
തിരുവനന്തപുരം:സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച എയിംസ് തിരുവനന്തപുരം ജില്ലയില്‍ തന്നെ വേണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പ്രമേയം പാസാക്കണമെന്ന ബി ജെ പിയുടെ ആവശ്യത്തെ മേയര്‍ ആര്യാ രാജേന്ദ്രന്‍ തള്ളി.
സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു തീരുമാനമെടുത്തതിനാല്‍ പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്നായിരുന്നു മേയറുടെ നിലപാട്. പ്രമേയം വാക്കാല്‍ അവതരിപ്പിക്കാമെന്നും കൗണ്‍സില്‍ ഏക കണ്ഠമായി പാസാക്കണമെന്നുമായിരുന്നു നോട്ടീസ് നല്‍കിയ പി അശോക് കുമാര്‍ ആവശ്യപ്പെട്ടത്.
സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് എയിംസ് സ്ഥാപിക്കുന്നതാണ് നല്ലതെന്നായിരുന്നു സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഡി കെ അനില്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തിരുവനന്തപുരത്ത് അനുവദിച്ചാല്‍ അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ എയിംസ് സ്ഥാപിക്കാന്‍ ഇപ്പോള്‍ കോഴിക്കോട്ടാണ് സ്ഥലം കണ്ടെത്തിയതെന്നും ഇത് കേരളത്തിന്റെ മദ്ധ്യ ഭാഗത്ത് അല്ലെന്നും ബി ജെ പി കക്ഷി നേതാവ് എം ആര്‍ ഗോപന്‍ ചൂണ്ടിക്കാട്ടി.
എയിംസ് ജില്ലയില്‍ തന്നെ വേണമെന്നായിരുന്നു യു ഡി എഫിന്റെയും നിലപാട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എയിംസ് സ്ഥാപിക്കാന്‍ തിരുവനന്തപുരത്ത് സ്ഥലം കണ്ടെത്തിയതാണെന്നും അതിനാല്‍ തലസ്ഥാനത്തുതന്നെ സ്ഥാപിക്കണമെന്നായിരുന്നു യു ഡി എഫ് കക്ഷിനേതാവ് പി പത്മകുമാര്‍ പറഞ്ഞത്.