Thursday, 23rd January 2025
January 23, 2025

നടി അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോ​ഗസ്ഥനെതിരെ വകുപ്പുതല നടപടി

  • May 27, 2022 11:35 am

  • 0

കൊച്ചി: രാത്രി യാത്ര ചെയ്യുന്നതിനിടെ നടി അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും കൊച്ചിയില്‍ പോലീസ് മോശമായി പെരുമാറിയ സംഭവത്തില്‍ ഉദ്യോ​ഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്‌.നാഗരാജു. സര്‍വീസ് ബുക്കില്‍ ബ്ലാക്ക് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. രാത്രി ഫോര്‍ട്ട് കൊച്ചിയിലേക്ക് ഓട്ടോറിക്ഷയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ പോലീസ് മോശമായി പെരുമാറിയെന്ന് നടി ഇന്‍സ്റ്റ​ഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.

തുടര്‍ന്ന് കൊച്ചി പോലീസ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ മോശമായി പെരുമാറിയ പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. ബിജുവിന്റെ ഭാ​ഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ നടി പരാതി നല്‍കിയിരുന്നില്ല. പത്രവാര്‍ത്തകളുടെയും സമൂഹ മാധ്യമങ്ങളിലെ നടിയുടെ പ്രതികരണത്തിന്റെയും അടിസ്ഥാനത്തില്‍ കൊച്ചി പോലീസ് ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു. നടിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയെന്ന അന്വേഷണ റിപ്പോര്‍ട്ട് മട്ടാഞ്ചേരി എ.സി.പി. കമ്മീഷണര്‍ക്ക് നല്‍കിയിരുന്നു. വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്‍സ്പെക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതായി കമ്മീഷണറും വ്യക്തമാക്കി.