Thursday, 23rd January 2025
January 23, 2025

മുജാഹിദ് ബാലുശേരിയേയും ഫസല്‍ ഗഫൂറിനേയും അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രന്‍

  • May 25, 2022 4:40 pm

  • 0

എറണാകുളം: പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യും മുമ്ബ് അതിനേക്കാള്‍ വലിയ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ മുജാഹിദ് ബാലുശേരിയേയും ഫസല്‍ ഗഫൂറിനേയും അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍.

പി.സി ജോര്‍ജിനെ ഒറ്റപ്പെടുത്തി ദ്രോഹിക്കാനാണ് തീരുമാനമെങ്കില്‍ അദ്ദേഹത്തിന് പൂര്‍ണപിന്തുണയും നല്‍കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മുജാഹിദ് ബാലുശേരിക്കെതിരെ എഫ്..ആര്‍ എടുത്തിട്ട് വര്‍ഷങ്ങളായെന്നും എന്നാല്‍ ഇതു വരെ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനെത്തിയ പി.സി ജോര്‍ജിന് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയതായിരുന്നു സുരേന്ദ്രന്‍. ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് ജോര്‍ജിനെ പാലാരിവട്ടത്ത് വരവേറ്റത്. പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ അടക്കം നിരവധി ബി.ജെ.പി നേതാക്കള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ അല്‍പ സമയം മുമ്ബാണ് പി.സി ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ഹാജരാകണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് പി.സി ജോര്‍ജിന് ഇന്ന് നോട്ടീസ് നല്‍കിയിരുന്നു. അല്‍പ്പ സമയം മുമ്ബാണ് തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കി കോടതിയുടെ ഉത്തരവ് വന്നത്. വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന് നേരത്തേ ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയാണ് ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കിയത്. ജോര്‍ജിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോര്‍ജിന്‍റെ വിവാദ പ്രസംഗം. ഇതിനെത്തുടര്‍ന്ന് മെയ് ഒന്നിന് പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മജിസ്ട്രേറ്റ് ജോര്‍ജിന് ഉപാധികളോടെ ജാമ്യം നല്‍കുകയായിരുന്നു. ജാമ്യം ലഭിച്ച ശേഷം പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ പലതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കേസിനോട് സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, സമാനമായ കുറ്റം ആവര്‍ത്തിക്കരുത് ഇതൊക്കെയായിരുന്നു ജാമ്യ ഉപാധികള്‍. എന്നാല്‍ ജാമ്യം ലഭിച്ചതിന് ശേഷവും പരമാര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായാണ് പി സി ജോര്‍ജ് പ്രതികരിച്ചത്. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.