Thursday, 23rd January 2025
January 23, 2025

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം ഉടന്‍ അവസാനിപ്പിക്കില്ല

  • May 25, 2022 11:35 am

  • 0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പെട്ടന്ന് അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു.പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം മാറ്റുന്നതെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കുറ്റപത്രം നല്‍കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സമയം നീട്ടിചോദിച്ചേക്കും. നടിയുടെ ഹരജിയില്‍ ഇന്ന് ഹൈക്കോടതി നിലപാട് അനുസരിച്ച്‌ തുടര്‍ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അന്വേഷണം അവസാനിപ്പിച്ച്‌ ഈ മാസം 30ന് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഇതിനെ ചോദ്യം ചെയ്ത് ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് അവസാനിപ്പിക്കാന്‍ രഹസ്യ ഇടപെടല്‍ നടന്നതായി നടി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. കേസ് അട്ടിമറിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ഇടപെട്ടതും തെളിവ് നശിപ്പിച്ചതുമായ കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നില്ലെന്ന് നടിയുടെ പരാതിയിലുണ്ടായിരുന്നു.

എന്നാല്‍ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുമില്ല. ഇന്നലെ ഹൈക്കോടതിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബഞ്ചില്‍ കേസ് ലിസ്റ്റ് ചെയ്‌തെങ്കിലും നടിയുടെ ആവശ്യപ്രകാരം ജഡ്ജ് പിന്‍മാറുകയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക.