Thursday, 23rd January 2025
January 23, 2025

ബലാത്സംഗക്കേസ്: വിജയ് ബാബു 30 ന് എത്തുമെന്ന് പ്രതിഭാഗം കോടതിയില്‍

  • May 24, 2022 4:49 pm

  • 0

കൊച്ചി: നടിയെ ബലാത്സംഗ ചെയ്ത കേസില്‍ കുറ്റാരോപിതനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബും മേയ് 30 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.മടക്ക ടിക്കറ്റെടുത്തെന്ന് കോടതിയെ അറിയിച്ച അഭിഭാഷകന്‍ യാത്രാ രേഖകളും ഹാജരാക്കി.

വിജയ് ബാബു ജോര്‍ജിയയില്‍ നിന്ന് ദുബായിലേക്ക് മടങ്ങിയെത്തിയതായി പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. വൈകാതെ തന്നെ വിജയ് ബാബുവിനെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണസംഘം തുടരുകയാണ്. പ്രത്യേക യാത്രാ രേഖ നല്‍കിയായിരിക്കും കേരളത്തിലേക്ക് കൊണ്ടുവരുന്നത്. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ സാഹചര്യത്തിലാണിത്.

വിജയ് ബാബു വിമാന ടിക്കറ്റ് ഹാജരാക്കിയാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് കോടതിയില്‍ സമര്‍പ്പിക്കുമ്ബോള്‍ കേസ് പരിഗണിക്കാമെന്നും കോടതിയി പറഞ്ഞു.

കോടതി പറയുന്ന ദിവസം ഹാജരാവാമെന്ന് വിജയ് ബാബുവിന്റെ നിര്‍ദേശം കോടതി തള്ളി. അന്വേഷണവുമായി സഹകരിക്കാമെന്നും ഉദ്യോഗസ്ഥന്റെ മുന്‍പാകെ ഹാജരാവാമെന്നും വിജയ് ബാബു ബോധിപ്പിച്ചെങ്കിലും ആദ്യം കോടതിയുടെ പരിധിയില്‍ വരട്ടെയെന്ന് കോടതി വ്യക്തമാക്കി. വ്യാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്നും വിജയ് ബാബു ആവശ്യപ്പെട്ടു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.