Thursday, 23rd January 2025
January 23, 2025

മണിച്ചന്റെ മോചനം: നാല് ആഴ്ച്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

  • May 20, 2022 4:44 pm

  • 0

ന്യൂഡല്‍ഹി: മുപ്പത്തൊന്നുപേരുടെ ജീവനെടുത്ത കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനകാര്യത്തില്‍ സര്‍ക്കാര്‍ നാല് ആഴ്ച്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി.ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച്‌ ഉത്തരവിട്ടത്. ഉത്തരവില്‍ പേരറിവാളന്‍ കേസും സുപ്രീംകോടതി പരാമര്‍ശിച്ചു. മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനം സംബന്ധിച്ച്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

മണിച്ചന്‍ ഉള്‍പ്പടെയുള്ള തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതിപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കെ നാലുമാസം സമയം നല്‍കിയിട്ടും ജയില്‍ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് കോടതി ചോദിച്ചിരുന്നു.

മുപ്പത്തൊന്നുപേര്‍ മരിക്കുകയും ആറു പേര്‍ക്ക് കാഴ്ച നഷ്ടമാവുകയും ചെയ്ത മദ്യദുരന്തത്തില്‍ താത്ത എന്ന ഹൈറുന്നീസയും മണിച്ചന്റെ സഹോദരന്മാരുമാണ് അറസ്റ്റിലായത്. ജീവപര്യന്തം തടവുശിക്ഷയാണ് ഇവര്‍ക്ക് വിധിച്ചത്. ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ ഹൈറുന്നീസ രോഗംമൂലം മരിച്ചു. മണിച്ചന്റെ സഹോദരന്മാര്‍ക്ക് ശിക്ഷയിളവ് ലഭിച്ചു. ഇരുപതു വര്‍ഷം തടവ് പൂര്‍ത്തിയാക്കിയപ്പോഴാണ് മണിച്ചനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. പൂജപ്പുര സെന്‍ട്രല്‍ ജലിയിലാണ് ഇയാളെ ആദ്യം പാര്‍പ്പിച്ചിരുന്നത്. കുഴപ്പക്കാരനല്ലെന്ന് കണ്ടതോടെ നെട്ടുകാല്‍ത്തേരിതുറന്ന ജയിലാണ്. മികച്ച കര്‍ഷകനാണ് മണിച്ചന്‍ എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഇടയ്ക്ക് പരോളില്‍ പുറത്തിറങ്ങിയ മണിച്ചന്‍ ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കടയില്‍ ജ്യൂസ് വിറ്റിരുന്നത് വാര്‍ത്തയായിരുന്നു.