Thursday, 23rd January 2025
January 23, 2025

ഡേറ്റ, കോൾ നിരക്കുകൾ വർധിച്ചേക്കും

  • November 19, 2019 11:56 am

  • 0

കുറഞ്ഞ നിരക്കിൽ ഇഷ്ടംപോലെ ‘ഡേറ്റ’ കിട്ടുന്ന കാലം അസ്തമിക്കുകയാണോഏറെക്കാലത്തിനുശേഷം മൊബൈൽ ടെലികോം വിപണിയിൽ നിരക്കുവർധനയ്ക്കു കളമൊരുങ്ങുകയാണ്. ‘സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം’ എന്നു വിശദീകരിച്ച് എയർടെലും വോഡഫോൺ ഐഡിയയും ഡിസംബർ ഒന്നുമുതൽ നിരക്കു കൂട്ടുന്നു.

വർധന എത്രത്തോളമെന്നോ ഏതൊക്കെ ഇനങ്ങളിൽ എന്നോ കമ്പനികൾ വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കൾക്ക് താങ്ങാനാകുന്ന നിരക്കിൽ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ഇരു കമ്പനികളും പറയുന്നു. റിലയൻസ് ജിയോ നിരക്കു കൂട്ടാനിടയില്ല. പൊതുമേഖലയിലെ ബിഎസ്എൻഎലും നിരക്കു വർധിപ്പിക്കുമെന്നു സൂചനയില്ല.

സുപ്രീം കോടതി ഉത്തരവനുസരിച്ചു സർക്കാരിനു നൽകാനുള്ള കുടിശിക കൂടി കണക്കിലെടുത്ത്, എയർടെൽ  ജൂലൈ–സെപ്റ്റംബർ കാലത്ത് 23045 കോടി രൂപയുടെയും വോഡഫോൺ ഐഡിയ 50921 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ടെലികോം കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പരിഗണനയിലുണ്ട്. സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും ഒരു വ്യവസായവും അടച്ചുപൂട്ടുന്ന സ്ഥിതി വരില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുടിശിക തിരിച്ചടവിൽ ഇളവും മറ്റെന്തെങ്കിലും രക്ഷാ പാക്കേജും പ്രതീക്ഷിക്കുകയാണു കമ്പനികൾ.

വമ്പൻ ഓഫറുകളുമായി രംഗത്തുവന്ന റിലയൻസ് ജിയോയുമായുള്ള കടുത്ത മൽസരമാണ് ടെലികോം വിപണിയിലെ തുടക്കക്കാരായ എയർടെലിനും വോഡഫോണിനും ഐഡിയയ്ക്കും വെല്ലുവിളിയായത്. വോഡഫോൺ– ഐഡിയ ലയനത്തിലേക്കു വഴിതെളിച്ചതും ഇതുതന്നെ.