Thursday, 23rd January 2025
January 23, 2025

വാഗമണ്‍ ഓഫ് റോഡ് റേസ്; ജോജു ജോര്‍ജിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്, ലൈസന്‍സ് റദ്ദാക്കിയേക്കും

  • May 19, 2022 1:17 pm

  • 0

ഇടുക്കി: വാഗമണില്‍ ഓഫ് റോ‌ഡ് റേസ് നടത്തിയ കേസില്‍ നടന്‍ ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്.ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ജോജു ജോര്‍ജിന് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ നടന്‍ ഹാജരായില്ല. കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി ആര്‍ ഡി ഒ അറിയിച്ചു.

ഇടുക്കിയില്‍ ഓഫ് റോഡ് റേസിന് ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനം മറികടന്ന് നിയമവിരുദ്ധമായി വണ്ടി ഓടിച്ചതിനാണ് നടനെതിരെ കേസെടുത്തത്. അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചതിന് കാരണം ഉണ്ടെങ്കില്‍ വിശദീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഈ മാസം പത്തിനാണ് നടന് നോട്ടീസ് അയച്ചത്.

ലൈസന്‍സും വാഹനത്തിന്റെ രേഖകളും സഹിതം ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. ചൊവ്വാഴ്ച ഹാജരാകുമെന്ന് ജോജു അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. കെ എസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസിന്റെ പരാതിയിലാണ് കേസെടുത്തത്.