Thursday, 23rd January 2025
January 23, 2025

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും -മന്ത്രി വീണാ ജോര്‍ജ്

  • May 18, 2022 3:23 pm

  • 0

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശംകാമ്ബയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ രജിസ്‌ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഇവ ലഭ്യമാക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്ബര്‍ പ്രദര്‍ശിപ്പിക്കണം. സ്ഥാപനങ്ങള്‍ക്കെതി​രായ പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാകും. എഫ്.എസ്.എസ്..ഐ മാനദണ്ഡമനുസരിച്ച്‌ ഒരു സ്ഥാപനത്തിലെ ഒരാളെങ്കിലും പരിശീലനം നേടണം. അവര്‍ മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കണം.

മഴക്കാലം കൂടി മുന്നില്‍കണ്ട് ഭക്ഷ്യ സുരക്ഷ പരിശോധന കര്‍ശനമാക്കും. കഴിഞ്ഞ 16 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 3297 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 283 കടകള്‍ക്കെതിരെ നടപടിയെടുത്തു. 1075 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

ഓപറേഷന്‍ മത്സ്യയുടെ ഭാഗമായി 6597 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. പരിശോധന കര്‍ശനമാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ വഴി മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞു. ശര്‍ക്കരയിലെ മായം കണ്ടെത്താനായി ആവിഷ്‌കരിച്ച ഓപറേഷന്‍ ജാഗറിയുടെ ഭാഗമായി 707 സ്ഥാപനങ്ങള്‍ പരിശോധിച്ചു. അടപ്പിച്ച കടകള്‍ തുറക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുകയും ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

സമയബന്ധിതമായി പരിശോധന ഫലങ്ങള്‍ ലഭിക്കാന്‍ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൃത്യമായ ഇടവേളകളില്‍ ജില്ലാതലത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ വിശകലനം ചെയ്യണം. അസി. കമീഷണര്‍മാര്‍ ഇത് വിലയിരുത്തണം. ഓരോ മാസവും പരിശോധന സംബന്ധിച്ച്‌ സംസ്ഥാന തലത്തില്‍ വിശകലനം ചെയ്യണം. അവബോധ പരിപാടികള്‍ ശക്തമാക്കുകയും തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുകയും വേണം. പരിശോധന സമയത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സുരക്ഷ തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ഭക്ഷ്യ സുരക്ഷ കമീഷണര്‍ വി.ആര്‍. വിനോദ്, അസി. ഭക്ഷ്യസുരക്ഷ കമീഷണര്‍മാര്‍, മറ്റ് ഭക്ഷ്യസുരക്ഷ വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.