Thursday, 23rd January 2025
January 23, 2025

ആരോപണം തെളിയിച്ചാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാം; അഭിലാഷ് മോഹനന്‍

  • May 17, 2022 11:39 am

  • 0

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ബന്ധു നിയമന ആരോപണം തള്ളി മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍.മാധ്യമ പ്രവര്‍ത്തകയായ ഭാര്യ വന്ദന മോഹനന്‍ ദാസിനെ അഭിലാഷ് മോഹന്‍ ഇടപെട്ട് കുസാറ്റില്‍ പിആര്‍ഒ ആയി പിന്‍വാതില്‍ നിയമനം നടത്തിയെന്ന ആരോപണത്തിലാണ് മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ കൂടിയായ അഭിലാഷ് മോഹനനന്റെ വിശദീകരണം.

നിയമനത്തില്‍ തന്റെ ഇടപെടലോ ബാഹ്യ സ്വാധീനമോ ഇല്ലെന്നും അങ്ങനെ ഉണ്ടായി എന്ന് തെളിയിക്കപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച്‌ അവര്‍ പറയുന്ന ജോലി ചെയ്യുമെന്നും അഭിലാഷ് പറഞ്ഞു. തന്റെ ഭാര്യ എന്നതല്ല വന്ദനയുടെ വിലാസമെന്നും ഒരു സ്ത്രീക്ക് ജോലി ലഭിക്കുന്നതിന് ഭര്‍ത്താവിന്റെ സ്വാധീനം വേണോ എന്നും അഭിലാഷ് ചോദിച്ചു.

അഭിലാഷിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

കൊച്ചി സര്‍വകലാശാലയില്‍ ബന്ധുനിയമനം നടന്നോ?
മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍്റെ ഭാര്യയെ കുസാറ്റില്‍ പി ആര്‍ ഓ ആയി പിന്‍ വാതില്‍ നിയമനം നടത്തി തിരുകിക്കയറ്റി എന്നൊരു വാര്‍ത്ത സംഘ്പരിവാര്‍ ഐ ടി സെല്ലും അവരുടെ മഞ്ഞ പത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.. ഈ കാര്യത്തില്‍ ജനുവിനായ തെറ്റിദ്ധാരണ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കായിയാണ് ഈ കുറിപ്പ്. അപവാദം പറഞ്ഞും കൂകിത്തോല്‍പ്പിച്ചും ഇല്ലാതാക്കാം എന്ന് കരുതുന്നവരെ പരമ പുച്ഛത്തോടെ അവഗണിക്കുകയാണ്.

2020 മെയ് മാസത്തിലാണ് കൊച്ചിന്‍ സര്‍വ്വകലാശാല പി ആര്‍ & പി ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. പത്ര പ്രവര്‍ത്തനത്തില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തരബിരുദവും എട്ടു വര്‍ഷം എക്സ്പീരിയന്‍സുമാണ് യോഗ്യത. ഒരു വര്‍ഷത്തിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ഈ വിജ്ഞാപനം കണ്ട് വന്ദന മോഹന്‍ദാസ് നിര്‍ദ്ധിഷ്ട്ട രേഖകള്‍ സഹിതം അപേക്ഷിച്ചു. അഭിമുഖം കഴിഞ്ഞു. യൂണിവേഴ്സിറ്റി റാങ്ക് പട്ടിക അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രണ്ടു വര്‍ഷമാണ് റാങ്ക് പട്ടികയുടെകാലാവധി. ഈ വര്‍ഷം ഫെബ്രുവരിയില്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ജോലിക്ക് ജോയിന്‍ ചെയ്യാന്‍ സന്നദ്ധയാണോ എന്ന് തിരക്കി. അതനുസരിച്ച്‌ സര്‍വ്വകലാശാലയില്‍ ജോലിക്ക് ജോയിന്‍ ചെയ്യുകയും ചെയ്തു. ഇത്തരം നിയമനങ്ങളില്‍ മൂന്നു ചോദ്യങ്ങളാണ് സാധാരണഗതിയില്‍ വരിക.

1,യോഗ്യതയില്ലാത്തയാളെ നിയമിച്ചോ ?
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് , ഡെക്കാന്‍ ക്രോണിക്കിള്‍ എന്നീ പ്രമുഖ ദിനപത്രങ്ങളിലടക്കം 14 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വന്ദനക്ക് ഉണ്ട്. ഏഷ്യന്‍ ഏജ് , മുബൈ മിറര്‍, ന്യൂസ് ലോണ്‍ട്രി അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദവും ഉണ്ട്. നിര്‍ദ്ദേശിച്ചതിലും കൂടുതല്‍ യോഗ്യത ഉണ്ട് എന്ന് ചുരുക്കം.

2, നിയമനം പ്രക്രിയയില്‍ നടപടിക്രമങ്ങള്‍ പാലിച്ചോ?
എല്ലാ നടപടിക്രമങ്ങളും പാലിച്ച്‌ സുതാര്യമായി നടന്ന നിയമനമാണ്
3, നിയമനത്തില്‍ ബാഹ്യ സ്വാധീനം ഉണ്ടായിട്ടുണ്ടോ?
ഞാന്‍ ഒരു ഘട്ടത്തിലും ഒരു ഇടപെടലും നടത്തിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള സ്വാധീനം/ഇടപെടല്‍ എന്‍്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന് ആരെങ്കിലും തെളിയിക്കുന്ന പക്ഷം മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച്‌ അവര്‍ പറയുന്ന പണി ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.

എല്ലാ യോഗ്യതയുമുള്ള ആള്‍ ഒരു ജോലിക്ക് അപേക്ഷിച്ച്‌ അത് നേടിയാല്‍ അത് എങ്ങനെയാണ് ഭാര്യ നിയമനം ആകുക? എന്‍റെ ഭാര്യ എന്നതല്ല വന്ദന മോഹന്‍ദാസിന്റെ വിലാസം. അവരുടെ കരിയര്‍ അവരുടേതാണ്. ഒരു സ്ത്രീക്ക് ജോലി കിട്ടണമെങ്കില്‍ ഭര്‍ത്താവിന്റെ സ്വാധീനം വേണോ? ഒരാള്‍ സ്വന്തം മെറിറ്റില്‍ നേടിയ ജോലിയെ ഇത്ര വികൃതമായി ചിത്രീകരിക്കുന്നത് എത്ര സ്ത്രീവിരുദ്ധമാണ്.
എന്‍്റെ അഭിപ്രായങ്ങളും നിലപാടുകളമാണ് ജന്മഭൂമിയുടെയും മറ്റ് വികൃത മനസ്സുകളേയും പ്രശ്നമെങ്കില്‍ നിങ്ങളെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല. അതിനു വേറെ വഴി നോക്കുന്നതാകും ഉചിതം.