കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍; സര്‍വേയ്ക്ക് ഇനി ജിപിഎസ് സംവിധാനം
May 16, 2022 3:15 pm
0
തിരുവനന്തപുരം: കെ–റെയില്‍ സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള കല്ലിടല്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍. ജിപിഎസ് സംവിധാനത്തിലൂടെ സര്‍വേ നടത്താനാണ് പുതിയ തീരുമാനം.ഇതുസംബന്ധിച്ച ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കി.
സംസ്ഥാനത്തുടനീളം കല്ലിടലിനെതിരെയുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് ജിപിഎസ് സംവിധാനത്തിലേക്ക് മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങളെ മറികടക്കാനുള്ള നിര്‍ണായക നീക്കം കൂടിയാണ് ഈ തീരുമാനം.
കല്ലിടലിന് പകരം ജിയോ ടാഗിങ് സംവിധാനമാണ് ഇനി ഉപയോഗിക്കുക. സ്ഥലമുടമകളുടെ അനുമതിയോടെ, കെട്ടിടങ്ങള്‍, മതിലുകള്‍ എന്നിവിടങ്ങളില്‍ മാര്‍ക്ക് ചെയ്യാമെന്ന് കെ–റെയില്‍ നിര്‍ദ്ദേശം വച്ചിരുന്നെങ്കിലും ജിയോ ടാഗിങ് മാത്രമെന്നാണ് ഉത്തരവില്‍ പറയുന്നത്. പദ്ധതിയുടെ ഭാഗമായ 190 കിലോമീറ്ററില്‍ ഇതുവരെ കല്ലിടല്‍ പൂര്‍ത്തിയായി. 340 കിലോമീറ്റര്‍ കൂടിയാണ് ഇനി പൂര്‍ത്തിയാകാന്‍ ഉള്ളത്.പദ്ധതിയില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും മാറ്റം സര്‍വേ രീതിയില്‍ മാത്രമാണെന്നും കെ–റെയില്‍ എംഡി അജിത് കുമാര്‍ വ്യക്തമാക്കി.