Thursday, 23rd January 2025
January 23, 2025

ഹോട്ടലിലെ ടോയ്‌ലെറ്റില്‍ ഭക്ഷണ സാധനങ്ങള്‍; ചോദ്യം ചെയ്ത ഡോക്ടര്‍ക്കു മര്‍ദനം

  • May 16, 2022 12:36 pm

  • 0

കണ്ണൂര്‍: ഹോട്ടലിലെ ഭക്ഷണ സാധനങ്ങള്‍ ടോയ്‌ലെറ്റില്‍ സൂക്ഷിച്ചിരിക്കുന്നത് ഫൊട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം.കണ്ണൂര്‍ പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെ.സി. റസ്റ്ററന്റില്‍ വച്ചാണ് കാസര്‍ഗോഡ് ബന്തടുക്ക പിഎച്ച്‌എസ്‍സിയെ ഡോക്ടര്‍ സുബ്ബരായിക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ ഹോട്ടലുടമ ചുമടുതാങ്ങി കെ.സി.ഹൗസിലെ മുഹമ്മദ് മൊയ്തീന്‍ (28), സഹോദരി സമീന (29) ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടി.ദാസന്‍ (70), എന്നിവരെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെയാണ് സംഭവം. കണ്ണൂരിലേക്കുള്ള വിനോദയാത്രയ്ക്കിടെ ഡോ. സുബ്ബരായയും ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേര്‍ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറുകയായിരുന്നു. ഭക്ഷണം കഴിച്ചശേഷം ടോയ്‌ലെറ്റില്‍ പോയപ്പോഴാണ് അവിടെ ഭക്ഷണസാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചിരിക്കുന്നതായി കണ്ടത്. ഡോ. സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുന്നത് കണ്ട പ്രതികള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും മര്‍ദിക്കുകയുമായിരുന്നു.

സംഭവശേഷം ഡോക്ടറും സംഘവും പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടല്‍ ഉടമയുമുള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെയുള്ള കേസ്.