കെ.വിതോമസ് ഇന്നലെ ചെയ്തത് ജീവിതത്തിലെ വലിയ പുണ്യകര്‍മം; ഇ.പി ജയരാജന്‍
May 13, 2022 4:20 pm
0
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇനി പലരും വഴിയാധാരമാകുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പുറത്താക്കാന്‍ വരുന്നവരും എത്രകാലം എന്നേ നോക്കേണ്ടതൊള്ളൂ.ഇത് എല്ലാവര്‍ക്കും പിന്നാലെ വരുന്നുണ്ടെന്ന് ഓരോരുത്തരും ഓര്‍ത്താല്‍ നല്ലതെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘കെ.വി തോമസ് ഞങ്ങളുടെ വേദിയില്‍വന്ന് പിന്തുണ പ്രഖ്യാപിച്ചു. ഇനി ഞങ്ങളെന്താണ് ഉള്‍ക്കൊള്ളാന്‍ ബാക്കി. ഇന്നലെ ഞാന്‍ അദ്ദേഹത്തിന് നല്ലൊരു ഷാള്‍ കൊടുത്ത് ആദരിച്ച് സ്വീകരിച്ചില്ലേ. അദ്ദേഹം ജീവിതത്തിലെ വലിയ പുണ്യകര്‍മാണ് ചെയ്തതെന്നും‘ ജയരാജന്‍ പറഞ്ഞു. ‘കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഏത് പരാതികള്‍ കിട്ടിയാലും പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ജയരാജന്‍ പറഞ്ഞു.
സമസ്തയുടെ വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തെക്കുറിച്ചും മലപ്പുറത്ത് എല്‍.ഡി.എഫ് കൗണ്‍സിലറും മുന്‍ അധ്യാപകനുമായി കെ.വി ശശികുമാറിനെതിരെ ഉയര്‍ന്ന പീഡന പരാതികളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്നലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപതെരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന പ്രസ്താവനയെയും ജയരാജന്‍ ന്യായീകരിച്ചു. ‘യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന് സൗഭാഗ്യം വന്നിരിക്കുകയാണ്. ഇതിനെ യു.ഡി.എഫുകാര്‍ ആരെങ്കിലും സൗഭാഗ്യമായി കാണുന്നുണ്ടോ എന്നറിയില്ല. ഇടക്കാല തെരഞ്ഞെടുപ്പ് വരുന്നത് അവരെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള സൗഭാഗ്യമാണ്.ആ സൗഭാഗ്യം ജനങ്ങള്‍ തെളിയിക്കുമെന്നും‘ ജയരാജന്‍ പറഞ്ഞു.