Friday, 24th January 2025
January 24, 2025

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കാനാവശ്യമായ തെളിവെന്തെന്ന് പ്രോസിക്യൂഷനോട് കോടതി

  • May 12, 2022 2:39 pm

  • 0

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാനാവാശ്യമായെ തെളിവെന്താണെന്ന് പ്രോസിക്യൂഷനോട് വിചാരണാകോടതി.നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കരുതെന്നും പൊതുജനാഭിപ്രായം നോക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷന്‍ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

പ്രോസിക്യൂഷന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് കോടതിയില്‍ നിന്നും നേരിടേണ്ടി വന്നത്. ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. സാക്ഷികളെ ദിലീപ് സ്വാധീനിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. എന്നാല്‍ സാക്ഷികളെ സ്വാധീനിച്ചതിന് തെളിവ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രോസികൂഷന്‍ ആരോപണം ഉന്നയിക്കുക മാത്രമാണ് ചെയ്‌തെന്നും കോടതി ചൂണ്ടിക്കാട്ടി. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കരുതെന്നും കോടതി പറഞ്ഞു. ഗണേഷ് കുമാറിന്റെ സെക്രട്ടറിയായ പ്രദീപ് സാക്ഷിയായ വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നത് എങ്ങനെയാണ് പ്രോസിക്യൂഷന്‍ സ്ഥാപിക്കാന്‍ കഴിയുന്നതെന്നും കോടതി ചോദിച്ചു. അതേസമയം, പ്രദീപ് വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് പ്രയോജനം ദിലീപിനാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഏതെങ്കിലും പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി സാക്ഷികളുടെ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. പ്രോസിക്യൂഷന്‍ കൃത്യമായ തെളിവുകളുമായി കോടതിയിലെത്തണമെന്ന് വിചാരണ കോടതി കൂട്ടിച്ചേര്‍ത്തു.

കോടതിയില്‍ നിന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നുവെന്ന വാദത്തിനും പ്രോസിക്യൂഷന്‍ രൂക്ഷമായ വിമര്‍ശനം നേരിട്ടു. പബ്ലിക്ക് പ്രോസിക്യൂട്ടറാണ്, പൊലീസ് പ്രാസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണമെന്നും കോടതിയെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുതെന്നും കോടതി വിശദമാക്കി. രഹസ്യരേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്ന പ്രോസിക്യൂഷന്‍ ആരോപണത്തില്‍ എന്തുകൊണ്ടാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വൈകുന്നതെന്നും കോടതി ചോദിച്ചു. 30-03-2022 ന് അന്വേഷണത്തിന് കോടതി അനുമതി നല്‍കിയിട്ട് പിന്നീട് എന്തുണ്ടായെന്നും കോടതിയുടെ ചോദ്യം. രേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്നും ദിലീപിന്റെ ഫോണിലേത് രഹസ്യ രേഖകള്‍ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.