Friday, 24th January 2025
January 24, 2025

തൃക്കാക്കരയിലേക്ക് പ്രത്യേകമായി ക്ഷണിക്കാന്‍ അവിടെ കല്യാണമൊന്നും നടക്കുന്നില്ല; കെവി തോമസിനെ പരിഹസിച്ച്‌ വി.ഡി സതീശന്‍

  • May 11, 2022 11:25 am

  • 0

തിരുവനന്തപുരം: തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്ന് കെ വി തോമസിന്റെ പരാമര്‍ശത്തെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.തൃക്കാക്കരയിലേക്ക് പ്രത്യേകമായി ക്ഷണിക്കാന്‍ അവിടെ കല്യാണമൊന്നും നടക്കുന്നില്ലെന്ന് സതീശന്‍ തുറന്നടിച്ചു.

മാധ്യമപ്രവര്‍ത്തകരോടായിരുന്നു കെ.വി തോമസിന്റെ പ്രതികരണം. നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമയുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഉമയുമായി സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ കെ.വി തോമസ് തന്റെ നിലപാട് ഇന്ന് പറയുമെന്നും ചാനലുകളോട് വ്യക്തമാക്കി.

രാവിലെ പതിനൊന്ന് മണിക്ക് വിളിച്ചിരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ നിലപാട് പ്രഖ്യാപിക്കുമെന്നാണ് തോമസ് അറിയിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിനു വേണ്ടി തോമസ് പ്രചാരണത്തിനിറങ്ങുമെന്നാണ് സൂചന . നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന ഇടത് കണ്‍വെന്‍ഷനിലും തോമസ് പങ്കെടുത്തേക്കും. അതേസമയം, തോമസുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.