Friday, 24th January 2025
January 24, 2025

‘നട്ടു നനച്ച്‌ വളര്‍ത്തി കഞ്ചാവ്’: കൊച്ചി മെട്രോ പില്ലറുകള്‍ക്കിടയിലെ ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടി കണ്ടെത്തി

  • May 10, 2022 4:48 pm

  • 0

കൊച്ചി: പാലാരിവട്ടത്ത് കൊച്ചി മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ട്രാഫിക് സിഗ്നലിന് സമീപം 516, 517 പില്ലറുകള്‍ക്കിടയിലാണ് കഞ്ചാവ് ചെടി വളര്‍ന്നു നില്‍ക്കുന്നതായി കണ്ടെത്തിയത്.എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍, മറ്റ് ചെടികള്‍ക്കൊപ്പം വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു.

പില്ലറുകള്‍ക്കിടയില്‍ ചെടികള്‍ വെച്ച്‌ പിടിപ്പിച്ച്‌ പരിപാലിക്കാന്‍, കൊച്ചി മെട്രോ റെയില്‍ അനുവദിച്ചിട്ടുള്ള സ്ഥലമാണിത്. കണ്ടെത്തിയ കഞ്ചാവ് ചെടിയ്ക്ക് 130 സെന്റീ മീറ്ററോളം ഉയരവും 31 ശിഖരങ്ങളുമാണ് ഉള്ളതെന്നും ഇതിന്, ഏകദേശം നാല് മാസം പ്രായമുണ്ടെന്നും എക്‌സൈസ് സംഘം വ്യക്തമാക്കി. ചെടികള്‍ക്കിടയില്‍ ആരെങ്കിലും, കഞ്ചാവ് ചെടി മനപ്പൂര്‍വ്വം നട്ടു വളര്‍ത്തിയതാകാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു.

ഈ ഭാഗത്ത് മെട്രോ പില്ലറുകള്‍ക്കിടയില്‍ ചെടികള്‍ പരിപാലിച്ചവരില്‍ നിന്ന്, വിവരങ്ങള്‍ ശേഖരിക്കുമെന്നും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും, സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് വ്യക്തമാക്കി.