Friday, 24th January 2025
January 24, 2025

നടി ആക്രമിക്കപ്പെട്ട കേസ്:കാവ്യാ മാധവനെ ഇന്ന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്

  • May 9, 2022 10:55 am

  • 0

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ക്രൈം ബ്രാഞ്ച് വീണ്ടും കാവ്യാ മാധവന് നോട്ടീസ് നല്‍കി.ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കാവ്യയെ ആലുവയിലെ വീട്ടില്‍ വെച്ച്‌ ചോദ്യം ചെയ്യുമെന്നാണ് സൂചന.

കേസില്‍ കാവ്യയെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നേരത്തേ ശ്രമം നടത്തിയെങ്കിലും വേണ്ടെന്നുവെക്കുകയായിരുന്നു.
സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യല്‍ മാറ്റിയത്. കാവ്യാ മാധവനെ കേസില്‍ പ്രതികൂടിയായ ദിലീപിന്റെ വീട്ടിലെത്തി ചോദ്യംചെയ്യാനാവില്ലെന്നാണ് നിലപാടാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ചത്.

ചോദ്യംചെയ്യലിന് ആവശ്യമായ സാങ്കേതികസൗകര്യങ്ങള്‍ ഒരുക്കുന്നതിന് തടസ്സം നേരിടുന്നതും ക്രൈംബ്രാഞ്ച് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പ്രൊജക്ടറും മറ്റും ഉപയോഗിച്ച്‌ പ്രതികളുടെ ഡിജിറ്റല്‍, ഫൊറന്‍സിക് തെളിവുകള്‍ കാണിച്ച്‌ വേണം ചോദ്യംചെയ്യല്‍ പൂര്‍ത്തീകരിക്കാന്‍. ചോദ്യംചെയ്യുന്നത് മുഴുവന്‍
ക്യാമറയില്‍ പകര്‍ത്തണം.

ഈ സംവിധാനങ്ങളെല്ലാം ഉള്ള ഒരു സ്ഥലത്ത് മാത്രമേ ചോദ്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നു. സാക്ഷിയെ അവര്‍ ആവശ്യപ്പെടുന്നിടത്ത് ചോദ്യംചെയ്യാന്‍ കഴിയും.ക്രൈംബ്രാഞ്ചിന് സൗകര്യം ഒരുക്കാന്‍ സാധിക്കുന്ന ഒരു സ്ഥലത്തുവെച്ചുള്ള ചോദ്യംചെയ്യലിന് സഹകരിക്കണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്.