Friday, 24th January 2025
January 24, 2025

പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍കാര്‍ കോടതിയില്‍

  • May 5, 2022 3:28 pm

  • 0

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍കാര്‍ കോടതിയില്‍.പി സി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നാണ് സര്‍കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ (രണ്ട്) അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂടറാണ് ഹര്‍ജി സമര്‍പിച്ചത്. കേസില്‍ മേയ് 11ന് വാദം കേള്‍ക്കും.

ജാമ്യം നേടിയതിനുശേഷം പുറത്തിറങ്ങിയ പി സി ജോര്‍ജ്, തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് പൊതുപരിപാടികളില്‍ പങ്കെടുത്തപ്പോഴും ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന തരത്തില്‍ പ്രസംഗം ആവര്‍ത്തിച്ചു. ജാമ്യം പരിഗണിച്ച സമയത്ത് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂടര്‍ സ്ഥലത്തില്ലായിരുന്നു എന്ന കോടതി പരാമര്‍ശം സാങ്കേതികമായി ശരിയല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

വിദ്വേഷ പ്രസംഗം നടത്തിയതിനു പി സി ജോര്‍ജിനെതിരെ കേസെടുത്ത പൊലീസ്, പുലര്‍ചെ ഇരാറ്റുപേട്ടയിലെ വസതിയില്‍ നിന്നുമാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം നന്ദാവനം എ ആര്‍ കാംപിലേക്കു കൊണ്ടുപോയ ജോര്‍ജിനെ ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി.

സാക്ഷിയെ സ്വാധീനിക്കരുതെന്നും മതവിദ്വേഷത്തിന് ഇടയാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്നുമുള്ള ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍, താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായാണ് പുറത്തിറങ്ങിയശേഷം ജോര്‍ജ് തന്നെ കാണാനെത്തിയ മാധ്യമങ്ങളോട് പറഞ്ഞത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും മുസ്ലിം സമുദായത്തെ സംശയമുനയില്‍ നിര്‍ത്താനും പ്രസംഗം ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐയും യൂത് കോണ്‍ഗ്രസും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അതിനിടെ പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത് പൊലീസ് റിപോര്‍ടിലെ അവ്യക്തത കാരണമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഒരു മുന്‍ എംഎല്‍എ കൂടിയായ വ്യക്തിയെ എന്തിനാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യേണ്ടത് എന്ന കാര്യം പൊലീസ് സമര്‍പിച്ച റിപോര്‍ടില്‍ പരാമര്‍ശിച്ചിരുന്നില്ല. ഉത്തരവ് പുറത്തു വന്നതിനു പിന്നാലെ സര്‍കാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.