Friday, 24th January 2025
January 24, 2025

തൃക്കാക്കരയില്‍ കെ വി തോമസ് ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുമെന്ന് പി സി ചാക്കോ

  • May 5, 2022 2:14 pm

  • 0

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ വി തോമസ് എല്‍ ഡി എഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും എന്‍ സി പി സംസ്ഥാന അധ്യക്ഷനുമായ പി സി ചാക്കോ.ഫേസ്ബുക്കിലാണ് പി സി ചാക്കോ ഇക്കാര്യം അഭിപ്രായപ്പെട്ടത്. നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ് കെ വി തോമസ്.

ഒരു രാഷ്ട്രീയ മത്സരത്തിന് യു ഡി എഫ് തയ്യാറാകാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളതെന്നും തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മേല്‍ക്കൈ ലഭിക്കുമെന്നുറപ്പാണെന്നും പി സി ചാക്കോ പറഞ്ഞു. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക് , നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതമെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, കെ വി തോമസിന്‍്റെ പ്രതികരണങ്ങളും അഭിപ്രായങ്ങളും ശ്രദ്ധിച്ചതില്‍ നിന്ന് തനിക്ക് മനസ്സിലായ കാര്യമാണെന്നും അഭിപ്രായം മാത്രമാണെന്നും പി സി ചാക്കോ പറഞ്ഞു. കണ്ണൂരില്‍ നടന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍്റെ വിലക്ക് മറികടന്ന് കെ വി തോമസ് പങ്കെടുക്കുകയും പാര്‍ട്ടി നടപടി നേരിടുകയും ചെയ്തിരുന്നു. കെ റെയില്‍ സംസ്ഥാന സര്‍ക്കാറിന്‍്റെ വികസന നയങ്ങളെ കെ വി തോമസ് ശക്തമായി പിന്തുണക്കുന്നുണ്ട്. തൃക്കാക്കരയില്‍ പി ടി തോമസിന്‍്റെ വിധവ ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതിനെയും തോമസ് വിമര്‍ശിച്ചിരുന്നു.