Friday, 24th January 2025
January 24, 2025

വിജയ് ബാബുവിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്; മൂന്നു ദിവസത്തിനുള്ളില്‍ അകത്താകുമെന്ന് കമ്മീഷണര്‍

  • May 5, 2022 12:21 pm

  • 0

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടി അന്വേഷണ സംഘം.പ്രതിയെ മൂന്ന് ദിവസത്തിനകം പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു വ്യക്തമാക്കി.

ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി പ്രതിയുടെ ഒളിത്താവളം കണ്ടെത്താനാണ് തീരുമാനം. ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയാല്‍ പ്രതി ഏതു വിദേശരാജ്യത്തായാലും എവിടെയാണുള്ളതെന്ന് കൃത്യമായി കണ്ടെത്താന്‍ അവിടത്തെ പൊലീസിന് സാധിക്കും. ഇതിനായി അന്വേഷണ സംഘം ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു.

തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് പൊലീസ് മെയില്‍ അയച്ചിരുന്നുവെങ്കിലും 19ന് ഹാജരാകാമെന്നായിരുന്നു വിജയ് ബാബു അറിയിച്ചത്. ഇത് അന്വേഷണസംഘം തള്ളി. പ്രതിക്ക് ഇനി സമയം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്.

അതേസമയം,​ കണക്കില്‍പ്പെടാത്ത പണം വിജയ് ബാബു സിനിമാനിര്‍മാണമേഖലയില്‍ മുടക്കിയതായും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള സാമ്ബത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘമാണ് പ്രതിയുടെ സാമ്ബത്തിക ഇടപാടുകളെ കുറിച്ച്‌ അന്വേഷിക്കുന്നത്.