ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു, സര്‍ക്കാരിന്റെ വിശദീകരണം തേടി
May 4, 2022 1:09 pm
0
കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.സംഭവത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.മാദ്ധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചത്. ശുചിത്വം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. തുടര്‍നടപടികള്‍ അടിയന്തരമായി ഉണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനി ഷവര്‍മ കഴിച്ച കൂള്‍ബാര്‍ കടയുടെ മാനേജര്‍ അറസ്റ്റിലായിരുന്നു. കാസര്‍കോട് പടന്ന സ്വദേശിയും കേസില്‍ മൂന്നാം പ്രതിയുമായ അഹമ്മദാണ് അറസ്റ്റിലായത്. ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ദുബായിലുള്ള സ്ഥാപനത്തിന്റെ ഉടമ കാലിക്കടവ് സ്വദേശി കുഞ്ഞഹമ്മദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് ആലോചനയിലുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.
കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ മുണ്ടചീറ്റ സ്വദേശി പരേതനായ നാരായണന്‍, ഇ വി പ്രസന്ന ദമ്ബതികളുടെ ഏക മകള്‍ ദേവനന്ദയാണ് (16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ശനിയാഴ്ചയാണ് പെണ്‍കുട്ടി ഷവര്‍മ്മ കഴിച്ചത്. പിന്നാലെ പനിയും വയറിളക്കവും ബാധിച്ച് ചെറുവത്തൂര്‍ വി.വി സ്മാരക ആശുപത്രിയില്‍ ചികിത്സ തേടുകയും നില ഗുരുതരമായതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെയെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിച്ചു. കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ച് അവശനിലയിലായ 31 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.