‘വ്യാജ കള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന് സ്ഥലം മാറ്റി’; പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ആരോപണവുമായി ടിക്കാറാം മീണ
April 30, 2022 10:14 am
0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ കമീഷണറായിരുന്ന ടിക്കാറാം മീണ.
വ്യാജ കള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന് സ്ഥലം മാറ്റിയെന്ന് മീണ ആരോപിച്ചു. തൃശൂര്‍ കലക്ടറായിരിക്കെയാണ് നടപടി നേരിട്ടത്. ഇതിന് പിന്നില്‍ പി. ശശിയാണെന്നും അദ്ദേഹം ആരോപിച്ചു.
‘തോല്‍ക്കില്ല ഞാന്‍‘ എന്ന ആത്മകഥയിലാണ് മീണയുടെ പരാമര്‍ശം. വയനാട്ടില്‍ ചുമതലയേറ്റപ്പോഴും പ്രതികാരം തുടര്‍ന്നെന്നും മീണ പറയുന്നു. അന്ന് ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു പി. ശശി. വ്യാജ കള്ള് നിര്‍മിച്ചവരെ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തതിന് അന്നത്തെ എക്‌സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതിര്‍പ്പ് അറിയിച്ചു. സത്യസന്ധമായി ജോലി ചെയ്യാന്‍ അനുവദിക്കാതിരുന്ന നേതൃത്വമായിരുന്നു ശശിക്കു പിന്നിലെന്നും ആത്മകഥയില്‍ പറയുന്നു.
രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതിരുന്നതിന്റെ പേരില്‍ മാസങ്ങളോളം ശമ്ബളവും പദവിയും നിഷേധിക്കപ്പെട്ടു. കരുണാകരന്‍ സര്‍ക്കാറിന്റെ കാലത്തെ ദുരനുഭവവും മീണ തുറന്ന് പറയുന്നുണ്ട്. ഗോതമ്ബ് തിരിമറി പുറത്ത് കൊണ്ട് വന്നതിന് ടി.എച്ച്. മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറി. സര്‍വിസില്‍ മോശം പരാമര്‍ശം എഴുതി. അത് തിരുത്താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്നും ആത്മകഥയില്‍ പറയുന്നു. മേയ് രണ്ടിനാണ് പുസ്തക പ്രകാശനം.