ഒരു ചുംബനമെങ്കിലും..! വിജയ് ബാബു കെഞ്ചി, വെളിപ്പെടുത്തലുമായി മറ്റൊരു യുവതി രംഗത്ത്
April 29, 2022 4:32 pm
0
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവില്‍നിന്നു മോശം അനുഭവമുണ്ടായെന്നു വെളിപ്പെടുത്തി മറ്റൊരു യുവതി കൂടി രംഗത്ത്.”വുമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്‘ എന്ന ഫേസ്ബുക്ക് പേജില്‍ കൂടിയാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതി അനുഭവം പങ്കുവച്ചത്.
2021 നവംബറില്‍ ജോലിയുടെ ഭാഗമായി വിജയ് ബാബുവിനെ കണ്ടുമുട്ടിയെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്നുണ്ടായ മോശം അനുഭവവുമാണ് യുവതി കുറിച്ചത്. സംസാരത്തിനിടെ അയാള്‍ മദ്യപിക്കുകയും തനിക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തെന്ന് അവര്‍ പറയുന്നു.
താന്‍ മദ്യം നിരസിച്ചു ജോലി തുടര്‍ന്നു. പെട്ടെന്നു വിജയ് ബാബു തന്റെ ചുണ്ടില്‍ ചുംബിക്കാന്‍ ചാഞ്ഞു. ഭാഗ്യവശാല്‍, തന്റെ പ്രതികരണം വളരെ വേഗത്തിലായിരുന്നുവെന്നും താന്‍ ചാടി പുറകോട്ടേക്ക് മാറി അവനില്‍നിന്ന് അകലം പാലിച്ചുവെന്നും അവര്‍ എഴുതി.
താന്‍ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്കു നോക്കി. അപ്പോള്‍ വീണ്ടും തന്നോട് ചോദിച്ചു “ഒരു ചുംബനം മാത്രം?”. ഇല്ല എന്ന് പറഞ്ഞു താന്‍ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാന്‍ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യര്‍ഥിച്ചു. പേടിച്ചു താന്‍ സമ്മതിച്ചു. ചില ഒഴികഴിവുകള്‍ പറഞ്ഞു പെട്ടെന്ന് അവിടെനിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നും യുവതി കുറിപ്പില്‍ പറയുന്നു.