സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം
April 28, 2022 4:48 pm
0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കെഎസ്‌ഇബി അറിയിച്ചു .കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതല്‍ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ്‌ഇബി തീരുമാനിച്ചത്. അതേസമയം നഗരമേഖലകളേയും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവനമേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല.
ഇന്ന് 4580 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ന് രാത്രി വരെ സംസ്ഥാനത്തിന് വേണ്ടി വരിക എന്നാണ് കണക്ക്. എന്നാല്‍ കേരളത്തിന് വൈദ്യുതി നല്‍കുന്ന ജാര്‍ഖണ്ഡിലെ മൈഥോണ്‍ പവര്‍ സ്റ്റേഷനില്‍ കല്‍ക്കറി ക്ഷാമം മൂലം ഉത്പാദനം കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിന് കിട്ടേണ്ട വൈദ്യുതിയില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടാവും. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി നിയന്ത്രണം ഇന്നത്തേക്ക് ഏര്‍പ്പെടുത്തിയത്.
രാജ്യത്തെ വിവിധ താപനിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി ഉത്പാദനത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇതുമൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ ഒരു മണിക്കൂറിലേറെ പവര്‍ കട്ടോ ലോഡ് ഷെഡിംഗോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരസാഹചര്യം പരിഗണിച്ച് കോഴിക്കോട് നല്ലളത്തെ താപവൈദ്യുതി നിലയത്തില്‍ ഉത്പാദനം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. നല്ലളത്ത് നിന്നും വൈദ്യുതിയെത്തുന്നതോടെ തത്കാലം പ്രതിസന്ധി ഒഴിവാക്കാനാവും എന്ന പ്രതീക്ഷയിലാണ് കെഎസ്‌ഇബി.